ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന രാജ്യത്തിന്റെ സ്വപ്‌ന ദൗത്യമാണ് ഗഗൻയാൻ. ഇതിന് മുന്നോടിയായി വ്യോമ മിത്ര എന്ന വനിത ഹ്യൂമനോയിഡ് റോബോട്ടിന്റെ പരീക്ഷണയാത്ര ഓക്ടോബർ രണ്ടാം വാരം നടക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.
കൊറോണ മഹാമാരിയെ തുടർന്ന് വൈകിയ ഗഗൻയാൻ പദ്ധതിയുടെ പരീക്ഷണ ഘട്ടങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ട്രയൽ ദൗത്യം ഒക്ടോബർ ആദ്യ വാരത്തിലേക്ക് ആസൂത്രണം ചെയ്യാനാണ് പദ്ധതി. ഇത് വിജയിച്ചാൽ രണ്ടാം ദൗത്യത്തിലാണ് മനുഷ്യനെ പോലെ പെരുമാറുന്ന പെൺ റോബോട്ടിനെ അയക്കുക. ബഹിരാകാശ യാത്രികരെ അയക്കുന്നത് പോലെ തന്നെ പ്രധാനമാണ് സുരക്ഷിതരായി തിരികെ എത്തിക്കുക എന്നതും. പരീക്ഷണം വിജയിക്കുകയാണെങ്കിൽ പദ്ധതിയുമായി മുന്നോട്ട് നീങ്ങുമെന്ന മന്ത്രി വ്യക്തമാക്കി.
ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ഭാഗമായുള്ള വാർത്തകൾ ഐഎസ്ആർഒയിൽ നിന്നും എത്തുന്നത് കാത്ത് ആകാംക്ഷയോടെയാണ് താൻ ഇരുന്നതെന്നും പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുമ്പോഴെല്ലാം പരിഭ്രാന്തിയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ-3യുടെ സോഫ്റ്റ് ലാൻഡിംഗിനെ കുറച്ചും അഭിമാന നിമിഷങ്ങളെക്കുറിച്ചും ഡൽഹിയിൽ ഒരു ചടങ്ങിൽ സംസാരിക്കവെ മന്ത്രി പരാമർശിച്ചു.
















Comments