കോപ്പണ്‍ഹേഗന്‍: ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്.എസ് പ്രണോയിയുടെ സ്വപ്‌ന കുതിപ്പിന് വെങ്കല ശോഭയോടെ വിരാമം. സെമിയില്‍ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ തായ്ലന്‍ഡിന്റെ കുന്‍വലുദ് വിദിത്സനോടാണ് അടിയറവ് പറഞ്ഞാണ് താരം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരമയ വിദിത്സണെതിരെ ആദ്യ ഗെയിം 21-18ന് സ്വന്തമാക്കിയ ശേഷമായിരുന്നു മലയാളി താരത്തിന്റെ കീഴടങ്ങല്‍ (13-21, 14-21). സെമിയില്‍ തോറ്റെങ്കിലും പ്രണോയ് വെങ്കല മെഡല്‍ സ്വന്തമാക്കി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം റാങ്കുകാരനും നിലവിലെ ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവുമായ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സനെ അട്ടിമറിച്ച് സെമിയിലെത്തിയതോടെ പ്രണോയ് മെഡലുറപ്പിച്ചിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ താരത്തിന്റെ ആദ്യ മെഡലാണിത്. വിദിത്സന്റെ തുടര്‍ച്ചയായ രണ്ടാം ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലാണിത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ വിക്ടര്‍ അക്സെല്‍സനോട് വിദിത്സണ്‍ തോറ്റിരുന്നു.
‘സ്വര്‍ണം കിട്ടാത്തതില്‍ ചെറിയൊരു വിഷമം ഉണ്ടെങ്കിലും ആദ്യ ചുവട് വയ്‌പ്പെന്ന നിലയില്‍ വെങ്കല വിജയം സന്തോഷം നല്‍കുന്നു’. പരിശീലകര്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും പിന്തുണ നല്‍കിയ കുടുംബത്തിനും താരം നന്ദി അറിയിച്ചു.
Comments