പത്തനംതിട്ട: ഓണ ദിനങ്ങളിലെ പൂജകളുടെ ഭാഗമായി ഇന്നലെ ശബരിമലയിൽ നട തുറന്നു. ഇന്ന് സന്നിധാനത്ത് ഉത്രാട സദ്യ നടക്കും. മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയുടെ വകയാണ് ഉത്രാടദിന സദ്യ. പതിവ് പൂജകൾക്കും അഭിഷേകത്തിനും ശേഷം രാവിലെ 10.30-ന് സന്നിധാനത്തെ തെക്കേ നിലവറയോട് ചേർന്നുള്ള അന്നദാനപ്പുരയിലാകും ഉത്രാടസദ്യ വിളമ്പുക.
തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരും സന്നിധാനത്തുള്ള കീഴ്ശാന്തിമാരും പരിമകർമ്മികളും ചേർന്ന് ഭഗവാന്റെ ചിത്രത്തിന് മുന്നിൽ സദ്യ വിളമ്പും. 5,000 പേർക്കുള്ള സദ്യയാണ് ഇന്ന് സന്നിധാനത്ത് സജ്ജമാക്കിയിരിക്കുന്നത്. ചങ്ങനാശേരി കുറിച്ചി പുതുമന ഇല്ലത്ത് മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള 21 അംഗ പാചക വിദഗ്ധരാണ് സദ്യ തയാറാക്കുക.
സന്നിധാനത്ത് തിരുവോണം നാളിൽ ദേവസ്വം ജീവനക്കാരുടെയും അവിട്ടം നാളിൽ സന്നിധാനം പോലീസ് ഉദ്യോഗസ്ഥരുടെയും ചതയം നാളിൽ ഒരു ഭക്തന്റെയും വഴിപാടായാണ് സദ്യ ഒരുക്കുന്നത്. ഓണ നാളിലെ പൂജകൾ പൂർത്തിയാക്കി 31-ന് രാത്രി 10-ന് നട അടയ്‌ക്കും. കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 17-ന് വൈകിട്ട് അഞ്ചിന് നട തുറക്കും.
















Comments