തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് മുന്നിലൊരുക്കിയ കൂറ്റൻ പൂക്കളം ശ്രദ്ധേയമാകുന്നു. കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ്മയുടെ ആഭിമുഖ്യത്തിലാണ് 50 അടിയോളം വലിപ്പമുള്ള ഓണപൂക്കളം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ ഒരുക്കിയത്. ഭീമൻ പൂക്കളം കാണാൻ നിരവധിപേരാണ് ഓണനാളുകളിൽ ഇവിടേക്കെത്തുന്നത്.
ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ സൗഹൃദകൂട്ടായ്മയാണ് സായാഹ്ന കൂട്ടായ്മ. ഈ ഒത്തുചേരൽ ആരംഭിച്ചിട്ട് ഇപ്പോൾ 25 വർഷത്തോളമായി. ഇതിന്റെ രണ്ടാം ജനറേഷനാണ് ഇപ്പോൾ വാട്ട്സ്ആപ്പ് കൂട്ടായ്മയിലുടെ ഓണത്തിന് പത്ത് ദിവസവും ക്ഷേത്രത്തിന് മുന്നിലായി പൂക്കളം ഒരുക്കുന്നത്. ഏകദേശം 225 കിലോയോളം പൂക്കൾ ഉപയോഗിച്ചാണ് 50 അടി വലിപ്പമുള്ള പൂക്കളം പൂർത്തീകരിച്ചത്. സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെ 30ഓളം പേരുടെ മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിന്റെ ഫലമായാണ് മനോഹരമായ പൂക്കളം ക്ഷേത്രത്തിന് മുന്നിൽ ഒരുങ്ങിയത്.
പൂക്കളത്തിന് ഒത്ത നടുക്കായി തുറവൻക്കാട് സ്വദേശി രതീഷ് ഉണ്ണി നിർമ്മിച്ച ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയുടെ മിനിയേച്ചർ രൂപവും സ്ഥാപിച്ചിട്ടുണ്ട്. നിരവധി പേരാണ് കൂറ്റൻ പൂക്കളത്തിന് ഒപ്പം ഫോട്ടോയെടുക്കാനും പൂക്കളം കാണുവാനും ക്ഷേത്രത്തിലേയ്‌ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
















Comments