ജയസൂര്യയെ കടന്നാക്രമിച്ച് മന്ത്രി പി. പ്രസാദ് രംഗത്ത്. ജയസൂര്യ പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കാനാണ് മന്ത്രിയും അത് വഴി സർക്കാരും ശ്രമിക്കുന്നത്. കൃഷ്ണപ്രസാദിന് പണം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ലഭിച്ചില്ലെന്നാണ് അന്ന് ജയസൂര്യ പറഞ്ഞതെന്നുമാണ് മന്ത്രി പി. പ്രസാദിന്റെ വാദം. ഇപ്പോൾ പൊതുവായി പറഞ്ഞതാണെന്ന് പറയുന്നത് തെറ്റാണെന്നും സ്വന്തം ജാള്യത മറയ്‌ക്കാനാണ് മാറ്റി പറയുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാൽ കൃഷ്ണപ്രസാദിലൂടെ മുഴുവൻ കർഷകരുടെയും കാര്യമാണ് ജയസൂര്യ പറഞ്ഞത്. ഇതിനെ മന്ത്രി അടക്കമുള്ളവർ കൃഷ്ണപ്രസാദിന്റെ മാത്രം കാര്യമായി ചിത്രീകിരിക്കുകയായിരുന്നു.
കർഷകരുടെ പ്രശ്‌നങ്ങൾ മന്ത്രിമാരിലേക്ക് എത്താനാണ് താൻ ഇത് പൊതുവേദിയിൽ അവതരിപ്പിക്കുന്നതെന്ന് ജയസൂര്യ പറഞ്ഞതിനെയും മന്ത്രി എതിർത്തു,. കർഷകരുടെ കാര്യങ്ങൾ ജയസൂര്യ പറയേണ്ട കാര്യമില്ലെന്നും തങ്ങൾക്ക് അത് അറിയാമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാർ ജയസൂര്യയെ പോലെ സീസണലായല്ല കർഷകരുടെ കാര്യങ്ങൾ കാണുന്നത്. സ്ഥിരമായി കർഷകരുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നവരാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. നാട്ടിലെ എല്ലാ പ്രശ്‌നങ്ങളും അറിയുന്നവരാണ് മന്ത്രിമാരെന്നും അതിന് ജയസൂര്യയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെതിരെ നടനും കർഷകനുമായ കൃഷ്ണപ്രസാദ് തന്നെ രംഗത്ത് വന്നിരുന്നു. ജയസൂര്യ പറഞ്ഞത് ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. നെല്ല് നൽകി അഞ്ചുമാസം കഴിഞ്ഞാണ് തനിക്ക് പണം ലഭിച്ചത്, അതും വായ്പാ രീതിയിലാണ് ലഭിച്ചതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും ഉറച്ചു നിൽക്കുകയാണെന്ന് ജയസൂര്യയും പറഞ്ഞിരുന്നു. എന്നാൽ നെല്ല് കർഷകരുടെ പ്രശ്‌നങ്ങളെ പൊതുസമൂഹത്തിന് മുന്നിൽ എത്തിച്ചതിന് ജയസൂര്യയ്‌ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
















Comments