തൃശൂർ: സാംസ്‌കാരിക നഗരമായ തൃശൂരിൽ ഇന്ന് പുലികൾ ഇറങ്ങും. അയ്യന്തോൾ, വിയൂർ, കനാട്ടുകര, ശക്തൻ, സീതാറാംമിൽ എന്നിങ്ങനെ അഞ്ച് സംഘങ്ങളായാണ് പുലികൾ ഇറങ്ങുന്നത്. ഓരോ സംഘത്തിലും 51 പുലികൾ വീതം ഉണ്ടാകും. രാവിലെ ഏഴ് മണിമുതൽ തന്നെ സംഘങ്ങൾ മെയ്യെഴുത്ത് ആരംഭിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് പുലികൾ പുറപ്പെടുക.
ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ടാണ് തൃശ്ശൂരിൽ പുലികളി നടക്കുന്നത്. പൂരത്തിനോടുള്ള ആവേശം തന്നെയാണ് തൃശൂരുകാർക്ക് പുലികളിയോടുമുള്ളത്. വരയൻ പുലി, പുള്ളിപ്പുലി, കരിംപുലി, വെള്ളപ്പുലി എന്നിവയാണ് ഇക്കൊല്ലത്തെ പ്രധാന പുലികൾ. ഇവർക്കൊപ്പം സിംഹങ്ങളും എത്തുന്നുണ്ട്. ഉച്ച തിരിഞ്ഞ് മേളത്തിന്റെ അകമ്പടിയോടെ ആയിരിക്കും പുലികൾ സ്വരാജ് ഗ്രൗണ്ടിൽ ഇറങ്ങുന്നത്.
ഇത്തവണ സ്വരാജ് ഗ്രൗണ്ടിൽ ഫ്‌ളാഗോഫ് ചെയ്യുന്നത് വിയൂർ ദേശമായിരിക്കും. എംജി റോഡിൽ നിന്ന് ആദ്യം കയറിവരുന്നത് സീതാറാംമിൽ ആയിരിക്കും. പിന്നാലെ കാനാട്ടുകരയും ശക്തനും അയ്യന്തോളും എത്തും. നാല് മണിമുതൽ ഒമ്പത് മണിവരെ ആയിരിക്കും പുലികൾ സ്വരാജ് ഗ്രൗണ്ടിൽ ഉണ്ടാകുക. ഇക്കുറി സമ്മാന തുകയും 20 ശതാമാനം വർദ്ധിപ്പിച്ചുട്ടുണ്ട്. നഗരസഭയുടെ ധനസഹായവും സംഘങ്ങൾക്ക് ലഭിക്കുന്നുണ്ട്. കേന്ദ്ര സർക്കാരും ഓരോ സംഘത്തിനും രണ്ട് ലക്ഷംരൂപ വീതം ധനസഹായം നൽകുന്നുണ്ട്.
















Comments