ന്യൂഡൽഹി: പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ ചെയർമാനായും നടൻ ആർ മാധവനെ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം നിയമിച്ചു. ട്വിറ്ററിലൂടെ (എക്‌സ്) അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. മുൻ പ്രസിഡന്റ് ശേഖർ കപൂറിന്റെ കാലാവധി 2023 മാർച്ച് 3 ന് അവസാനിച്ചിരുന്നു. ഇതേ തുടർന്നാണ് മാധവന്റെ നിയമനം.
‘താങ്കളുടെ വിശാലമായ പരിചയ സമ്പത്തും ധാർമ്മികതയും ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ ഉയർച്ചയിലേക്ക് നയിക്കുമെന്നും, ഇവിടെ കാതലായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും എനിക്കുറപ്പുണ്ട്’- ട്വിറ്ററിൽ അനുരാഗ് ഠാക്കൂർ കുറിച്ചു. ‘എനിക്ക് നൽകിയ ആദരവിനും ആശംസയ്‌ക്കും നന്ദി അറിയിക്കുന്നു. താങ്കളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നതിന് ഞാൻ കഠിനാധ്വാനം ചെയ്യും’- ആർ മാധവനും റീട്വീറ്റ് ചെയ്തു.
എഫ്ടിഐഐയുടെ പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ ചെയർമാനായും ആർ മാധവനെ നിയമിച്ചിട്ടുണ്ട്. തീരുമാനം കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയമാണ് ഔദ്യോഗികമായി ഞങ്ങളെ അറിയിച്ചതെന്ന് എഫ്ടിഐഐ രജിസ്ട്രാർ സയ്യിദ് റബീ ഹാഷ്മിയും പറഞ്ഞു.
Comments