പത്തനംതിട്ട: ഭക്തിയും ആവേശവും ഒരുപോലെ സമന്വയിക്കുന്ന ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്. പമ്പാ നദിയുടെ ആറന്മുള നെട്ടായത്തിൽ നടക്കുന്ന ജലോത്സവം ഉച്ചയ്ക്ക് 12.45ന് ജലഘോഷയാത്രയോടെ തുടക്കമാകും. ജലോത്സവം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ജലഘോഷയാത്ര ആരോഗ്യ മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്യും. മത്സര വള്ളംകളി ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്‌ഘാടനം ചെയ്യും.
രാവിലെ 9.30ന് ആറന്മുള ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായി കൊണ്ടുവരുന്ന ദീപം കൊളുത്തി കളക്ടർ ദിവ്യാ എസ് അയ്യർ പതാക ഉയർത്തുന്നതോടെ ജലോത്സവ പരിപാടികൾക്ക് തുടക്കമാകും. 51 പള്ളിയോടങ്ങളാണ് ജലഘോഷയാത്രയിൽ പങ്കെടുക്കുന്നത്. മത്സര വള്ളംകളിയിൽ 48 പള്ളിയോടങ്ങളും പങ്കെടുക്കുമെന്ന് പള്ളിയോടസേവാ സംഘം ഭാരവാഹികൾ അറിയിച്ചു.
പള്ളിയോട സേവാ സംഘം നൽകുന്ന രാമപുരത്തു വാര്യർ പുരസ്കാരം മാളികപ്പുറം സിനിമ സംവിധായകൻ അഭിലാഷ് പിള്ളയ്‌ക്ക് പ്രമോദ് നാരായൺ എംഎൽഎ സമ്മാനിക്കും. പള്ളിയോട ശില്പി സന്തോഷ് ആചാരിയെ ആന്റോ ആന്റണി എംപിയും വഞ്ചിപ്പാട്ട് ആചാര്യൻ ശിവൻകുട്ടി ആശാനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരനും ആദരിക്കും. കുമ്മനം രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തും.
വെള്ളിയാഴ്ച രാത്രി പമ്പാ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിലും മഴ പെയ്തിരുന്നു. ഇതും ജലനിരപ്പ് കൂടാൻ ഇടയാക്കും. ആറന്മുള ഉത്രട്ടാതി ജലമേള നടക്കുന്നതിനാൽ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
















Comments