തിരുവനന്തപുരം: ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയോട് പ്രതികരിക്കാത്ത കോൺഗ്രസ്-സിപിഎം പാർട്ടികളെയും സാംസ്കാരിക നായകന്മാരെയും വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഹിന്ദു മതത്തിന്റെ അട്ടിപ്പേറവകാശം ബിജെപിക്ക് ആരും നൽകിയിട്ടില്ല എന്നു പറയുന്ന ഒരാളെപ്പോലും ഉദയനിധി സ്റ്റാലിനെതിരെ പ്രതികരിക്കാൻ കണ്ടില്ലെന്നാണ് സന്ദീപ് വാചസ്പതിയുടെ വിമർശനം.
ഹിന്ദു മതത്തിന്റെ അട്ടിപ്പേറവകാശം ബിജെപിക്കില്ല എന്ന് പറയുന്ന ഒരാളും ഇതുവരെ ഇതിനെതിരെ പ്രതികരിക്കാത്തത് എന്താണ്. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന സംസ്കാരത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനം കേട്ടിട്ടും അതിനെതിരെ പ്രതികരിക്കണം എന്ന് തോന്നുന്നില്ല എങ്കിൽ നിങ്ങളും അത് ആഗ്രഹിക്കുന്നു എന്ന് കരുതേണ്ടി വരും. അതല്ല ഹിന്ദുക്കളുടെ വക്കാലത്ത് ബിജെപി ഏറ്റെടുക്കേണ്ട എന്നാണ് വാദമെങ്കിൽ ഇപ്പോഴെങ്കിലും പ്രതികരിക്കണം. ഹിന്ദുക്കളുടെ സംരക്ഷണം ബിജെപിയെ എൽപ്പിച്ചിട്ടില്ല എന്ന് ആത്മാർത്ഥമായി വാദിക്കാൻ വേണ്ടിയെങ്കിലും- സന്ദീപ് വാചസ്പതി ഫേയ്സ്ബുക്കിൽ കുറിച്ചു.
സനാതന ധർമ്മത്തെ അധിക്ഷേപിച്ച ഉദയനിധി സ്റ്റാലിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഇരമ്പുകയാണ്. ബിജെപിയും കേന്ദ്രമന്ത്രിമാരും സന്യാസി പുരോഹിതന്മാരും ഡിഎംകെ നേതാവിനെതിരെ രംഗത്തെത്തി. ഭാരതത്തിലെ ഒരോ മനുഷ്യന്റെയും ഹൃദയത്തിലാണ് സനാതന ധർമ്മമെന്നും ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യാൻ ആർക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ‘മുഗളന്മാർക്കും ഈസ്റ്റ് ഇന്ത്യ കമ്പനിക്കും ക്രിസ്ത്യൻ മിഷണറിമാർക്കും കഴിഞ്ഞിട്ടില്ല. ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യുമെന്ന് ആഹ്വാനം ചെയ്യാൻ ഉദയനിധി സ്റ്റാലിൻ ആരാണ്’ എന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം.
















Comments