തിരുവനന്തപുരം: മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളിൽ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. സംസ്ഥാന വ്യാപകമായി ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കായി ഒരുങ്ങി കഴിഞ്ഞു. ഇന്ന് വിവിധ നഗരങ്ങളിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്രയ്‌ക്കായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
അതേസമയം സംസ്ഥാന വ്യാപകമായി നടത്തുന്ന ശോഭായാത്രകളിലായി രണ്ടരലക്ഷം കുട്ടികൾ കൃഷ്ണവേഷം അണിയുമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ.പ്രസന്നകുമാർ, പൊതുകാര്യദർശി കെ.എൻ.സജികുമാർ എന്നിവർ വ്യക്തമാക്കി. ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന മുദ്രാവാക്യത്തോടെയാണ് ഇത്തവണ ബാലഗോകുലം ജന്മാഷ്ടമി ആഘോഷിക്കുന്നത്.
അഷ്ടമിരോഹിണി ദിനത്തോടനുബന്ധിച്ച് കൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും. ഗുരുവായൂരിലും കർണാടക, ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും അമ്പലപ്പുഴയിലും, ആറൻമുള , പത്മനാഭസ്വാമി ക്ഷേത്രത്തിലും നടക്കുന്ന പ്രത്യേക പ്രാർത്ഥനകളിലും ആഘോഷങ്ങളിലും ആയിരക്കണക്കിന് ജനങ്ങളാണ് പങ്കെടുക്കുക. ഇതേത്തുടർന്ന് വലിയ ഒരുക്കങ്ങളാണ് ദിവസങ്ങൾക്ക് മുൻപേ നടക്കുന്നത്. സാധാരണയായി കേരളത്തിൽ രോഹിണി നക്ഷത്രം വരുന്ന ദിവസമാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷം.
















Comments