ലക്‌നൗ: ഹിന്ദുമതത്തെ തകർക്കണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ കേസെടുത്ത് യുപി പോലീസ്. അഭിഭാഷകരുടെ പരാതിയെ തുടർന്നാണ് ഉത്തർപ്രദേശ് രാംപൂർ പോലീസ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകനും കർണാടക മന്ത്രിയുമായ മായങ്ക് ഖാർഗെയ്‌ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉദയനിധിയുടെ പരാമർശം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് അഭിഭാഷകർ നൽകിയ പരാതിയിൽ പറയുന്നു. പരാമർശം മതവികാരം വ്രണപ്പെടുത്തുകയും സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ തകർത്തെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഉദയനിധി സ്റ്റാലിനെതിരെ സുപ്രീംകോടതി അഭിഭാഷകൻ ഡൽഹി പോലീസിലും പരാതി നൽകിയിരുന്നു.
ദയനിധിക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ജഡ്ജിമാരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുമടക്കം 262 പേർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. പരാമർശങ്ങൾ ഇന്ത്യയിലെ ഒരു വലിയ ജനവിഭാഗത്തിനെതിരെ ‘വിദ്വേഷ പ്രസംഗത്തിന്’ തുല്യമാണെന്നും ഇന്ത്യൻ ഭരണഘടനയുടെ കാതൽ തകർക്കുന്നുവെന്നും കത്തിൽ പറയുന്നു. രാജ്യത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കാൻ നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Comments