ഡൽഹിയിലെ പ്രഗതി മൈതാനം ജി20യ്‌ക്ക് വേദിയാകുമ്പോൾ ലോകം ഉറ്റു നോക്കുന്നത് ഏറ്റവും ഉയരം കൂടിയ നടരാജ വിഗ്രഹത്തിന്റെ സവിശേഷതകളിലേക്കാണ്. ഈ മാസം 9,10 തീയതികളിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. ഇതിനു മുന്നോടിയായാണ് 28 അടി ഉയരമുള്ള നടരാജ വിഗ്രഹം കോൺഫറൻസ് ഹാളിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്നത്. ചോള കാലത്തെ നടരാജ വിഗ്രഹത്തിന്റെ കൂടുതൽ സവിശേഷതകൾ അറിയാം..
കേന്ദ്ര സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഓഫ് ആർട്ടാണ് ഈ നടരാജ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. അഷ്ടധാതുക്കളാലാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ഇതിൽ കോപ്പർ, സിങ്ക്, ലെഡ്, ടിൻ, സിൽവർ, സ്വർണം, മെർക്കുറി, അയൺ എന്നീ മൂലകങ്ങളാണ് അടങ്ങിയിരിക്കുന്നത്. 18 ടൺ ഭാരമാണ് നടരാജ വിഗ്രഹത്തിനുള്ളത്.
തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ സ്വാമി മലയിലുള്ള ശിൽപ്പിയായ രാധാകൃഷ്ണ സ്ഥപതിയും അദ്ദേഹത്തിന്റെ സഹോദരന്മാരും ചേർന്ന് 7 മാസം കൊണ്ടാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ നടരാജ വിഗ്രഹം നിർമ്മിച്ചത്. ചോള രാജാക്കന്മാരുടെ കാലം മുതലേ 34 തലമുറകളായി ഇവർ വിഗ്രഹങ്ങൾ നിർമ്മിച്ചു വരുന്നു. തമിഴ്‌നാട്ടിലെ പ്രശസ്ത ശില്പിയായിരുന്ന ദേവസേനാപതി സ്ഥപതിയുടെ മകനാണ് രാധാകൃഷ്ണ സ്ഥപതി. ഡൽഹിയിലെ ജനക്പുരിയിലുള്ള രാജേശ്വരി ക്ഷേത്രത്തിലുള്ള വിഗ്രഹങ്ങൾ നിർമ്മിച്ചതിൽ പ്രശസ്തിയാർജിച്ചവരാണ് ഇവർ.
ഏകദേശം 3.25 ലക്ഷം മണിക്കൂർ കൊണ്ട് 100-ൽ അധികം കലാകാരന്മാരുടെ പ്രയത്‌നമാണ് നടരാജ വിഗ്രഹം യാഥാർത്ഥ്യമാക്കിയത്. ഒരു അച്ചിൽ വാർത്തെടുത്ത ഈ നടരാജ വിഗ്രഹത്തിൽ വെൽഡിംഗ് രീതി ഉപയോഗിച്ചിട്ടില്ല എന്നതും മറ്റു ശില്പ്പങ്ങളിൽ നിന്നും ഈ വിഗ്രഹത്തിന്റെ മാറ്റ് കൂട്ടുന്നു. സ്വാമിമലയിൽ കാവേരി നദീതീരത്തെ പ്രത്യേകത നിറഞ്ഞ കളിമണ്ണ് കൊണ്ടുണ്ടാക്കിയ വാർപ്പാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
















Comments