രാജ്യത്തെ സ്വകാര്യ എഫ്എം റേഡിയോ സ്‌റ്റേഷനുകളുടെ പ്രവർത്തനത്തിൽ നിർണായക മാറ്റങ്ങൾക്കാവശ്യമായ ശുപാർശകൾ നൽകി ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യ. ആകാശവാണിയിൽ അവതരിപ്പിക്കുന്നതിന് സമാന രീതിയിൽ വാർത്തകൾ സ്വകാര്യ എഫ്എം ചാനലുകൾക്കും കൈകാര്യം ചെയ്യുന്നതിന് അനുമതി നൽകണമെന്നാണ് ശുപാർശയിലുള്ളത്. ഇത് സംബന്ധിച്ച് ട്രായി സർക്കാരിനോട് നിർദ്ദേശം പങ്കുവെച്ചു കഴിഞ്ഞു.
നിലവിൽ ആകാശവാണിയിൽ സംപ്രേക്ഷണം ചെയ്യുന്ന വാർത്താ ബൂള്ളറ്റിനുകൾ മാറ്റങ്ങൾ വരുത്താതെ നൽകാൻ മാത്രമാണ് സ്വകാര്യ എഫ്എം ചാനലുകൾക്ക് അനുമതിയുള്ളത്. ഇതിന് പകരം സ്വതന്ത്രമായി വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നതിനും സമകാലിക പരിപാടികൾ ആരംഭിക്കാനുമുള്ള അനുമതി നൽകണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
എന്നാൽ ഇത്തരത്തിൽ വാർത്ത സംപ്രേക്ഷണം ചെയ്യാൻ അനുമതി ലഭിക്കുകയാണെങ്കിൽ ഇതിനൊപ്പം ചില ചട്ടങ്ങളും പാലിക്കേണ്ടതായി വന്നേക്കാം. ആകാശവാണിക്ക് ബാധകമായ എല്ലാ പ്രോഗ്രാം പെരുമാറ്റച്ചട്ടങ്ങളും സ്വകാര്യ എഫ്എം സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും എന്നാണ് സൂചന. കർശന നിയന്ത്രണങ്ങളോടെ മാത്രമാകും വാർത്ത പ്രക്ഷേപണ അനുമതി നൽകുക.
Comments