കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയ വകയിൽ പ്രഥമാദ്ധ്യാപകന് സാമ്പത്തിക ബാധ്യത ഉണ്ടായ വാർത്ത പുറത്തുവന്നതിന് പിന്നാലെ നടത്തിയ കണ്ടെത്തലുകൾ ഗൗരവകരമാണ്. സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കേണ്ടതിനാൽ എൽപി,യുപി സ്‌കൂളുകളിലെ പ്രഥമാദ്ധ്യാപകരാകാൻ അദ്ധ്യാപകർക്ക് താത്പര്യമില്ല. സ്റ്റാംമ്പിന്റെ പണപ്പിരിവും ഉച്ചഭക്ഷണവും സൗജന്യ അരിയുടെ വിതരണം..എന്ന് തുടങ്ങി എണ്ണമറ്റ ഉത്തരവാദിത്വങ്ങളും സാമ്പത്തിക ബാധ്യതയും വഹിക്കേണ്ടത് ഈ അദ്ധ്യാപകരാണ്.
പ്രഥമാദ്ധ്യാപകരായാൽ ലഭിക്കുന്ന രണ്ട് മുതൽ നാല് വരെ ഇൻക്രിമെന്റ് ഉപേക്ഷിച്ചാണ് പലരും അദ്ധ്യാപകരായി തുടരുന്നത്. കഠിനമായ ഉത്തരവാദിത്വങ്ങളെ ഭയന്നാണ് അദ്ധ്യാപകർ ഈ തീരുമാനത്തിലെത്തുന്നത്. എല്ലാ ജോലികൾക്കും പുറമേ ആഴ്ചയിൽ 35 പീരിയഡ് ക്ലാസ് പ്രഥമാദ്ധ്യാപകർ എടുക്കണം. ഉച്ചഭക്ഷണത്തിന് സർക്കാർ അനുവദിക്കുന്ന ആറ് മുതൽ എട്ട് രൂപ വരെയുള്ള തുക പര്യാപ്തമല്ലാത്തതിനാൽ അദ്ധ്യാപകർ പിരിവ് പോലും എടുക്കേണ്ട അവസ്ഥയിലാണ്.
ഇതിന് പുറമേ സ്‌കൂൾ നടത്തിപ്പിനുള്ള ഇതര ചെലവുകളും കൈയിൽ നിന്നാണ് നൽകുന്നത്. ഉച്ചഭക്ഷണത്തിനുള്ള അരി മാവേലി സ്റ്റോറിൽ നിന്ന് കൊണ്ടുവരണം. ഓണത്തിന് കുട്ടികൾക്ക് സർക്കാർ അനുവദിച്ച അഞ്ച് കിലോ അരി മാവേലി സ്റ്റോറിൽ നിന്ന് സ്‌കൂളിൽ എത്തുമ്പോൾ ചാക്ക് ഒന്നിന് 50 രൂപ വീതം തൊഴിലാളികൾ വാങ്ങും. ഇതിന്റെ ചെലവുകളും മറ്റും വഹിക്കുന്നത് പ്രഥമാദ്ധ്യാപകരാണ്.
ട്രഷറിയും വിദ്യാഭ്യാസ ഉപജില്ല ഓഫീസും സ്‌കൂളിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയെങ്കിൽ പ്രഥമാദ്ധ്യാപർക്ക് ആയിരം രൂപ നൽകണമെന്ന വ്യവസ്ഥയും സർക്കാരും വിദ്യാഭ്യാസ വകുപ്പും വർഷങ്ങളായി പാലിക്കുന്നില്ല. കണക്കുകൾ കൃത്യമായി ഹാജരാക്കിയില്ലെങ്കിൽ മരണാനന്തര വിരമിക്കൽ ആനുകൂല്യമായി ലഭിക്കേണ്ട തുക തടഞ്ഞുവെക്കുമെന്നതും പ്രഥാമാദ്ധ്യാപകരുടെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നു. സർക്കാർ മേഖലയിൽ മാത്രം കഴിഞ്ഞ മൂന്ന് വർഷത്തിനകം 500-ലേറെ പേരാണ് ഈ തസ്തിക വേണ്ടെന്നുവച്ചത്. എയ്ഡഡ് മേഖലയിലും ഈ എണ്ണം വർദ്ധിക്കുന്നുണ്ട്. സംസ്ഥാനത്ത് 7400 എൽപി, യുപി സ്‌കുളുകളാണുള്ളത്.
Comments