ചെന്നൈ: ബെംഗളൂരു- ചെന്നൈ എക്സ്പ്രസ്‌വേ ജനുവരിയൊടെ ഗതാഗത സജ്ജമാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. അശോക് ലെയ്ലാൻഡ് ലിമിറ്റഡിന്റെ 75-ാം വാർഷികത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ചെന്നൈയിലെ ദേശീയപാതാ നിർമ്മാണ പുരോഗതി മന്ത്രി വിലയിരുത്തി.
ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് ഹൈവേ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യ മാസമോ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്ത് 36 ഗ്രീൻ എക്സ്പ്രസ് ഹൈവേകളുടെ വികസനം പുരോഗമിക്കുകയാണ്. എക്‌സ്പ്രസ്‌വേകളിൽ ഇന്ധനച്ചെലവ് വളരെ കുറവാതിനാൽ ടിക്കറ്റ് നിരക്ക് 30 ശതമാനം കുറയ്‌ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണാലി മുതൽ ലഡാക്ക്, ലേ വരെ ആറ് തുരങ്കങ്ങളുടെയും റോഡുകളും നിർമ്മാണം നടക്കുകയാണ്. ഇതിന്റെ ഭാഗമായ സോജില ടണലിന്റെ 70 ശതമാനം ജോലികളും പൂർത്തിയായതായി മന്ത്രി അറിയിച്ചു. 11.8 കിമി ദൈർഘ്യമുള്ള സോജില ടണൽ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്ക റോഡാണ്. ശ്രീനഗറിനെ ജമ്മുവുമായി ബന്ധിപ്പിക്കുന്ന 18 തുരങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിൽ 14 ടണലുകൾ സമ്പൂർണ്ണമായി പൂർത്തിയായി.
2023-24 സാമ്പത്തിക വർഷത്തിൽ ഏകദേശം 13,800 കിലോമീറ്റർ ദേശീയ പാത നിർമ്മിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു. ഈ വർഷം ജൂൺ വരെ 2250 കി.മീ ദേശീയപാതയുടെ വികസനം പൂർത്തിയായി. റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികൾ നേരത്തെ ഉപയോഗിച്ചിരുന്നതിനേക്കാൾ മികച്ച കരുത്തും ഗുണനിലവാരവുമുള്ളവയാണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇന്ത്യയിലെ ദേശീയ പാതകളുടെ ആകെ ദൈർഘ്യം ഏകദേശം 59 ശതമാനം വർദ്ധിച്ചു. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രണ്ടാമത്തെ വലിയ റോഡ് ശൃംഖലയുള്ള രാജ്യമായി ഭാരതം മാറിയെന്നും മന്ത്രി പറഞ്ഞു.
















Comments