തിരുവനന്തപുരം: വേനൽച്ചൂടിൽ മലയാളി കുടിച്ച് തീർത്തത് 100 കോടി രൂപയുടെ കുപ്പിവെള്ളം. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള എട്ട് മാസ കാലയളവിലാണ് ഇത്രയും വെള്ളം കുടിച്ചത്. സംസ്ഥാനത്ത് ചൂട് വർദ്ധിച്ചതാണ് കുപ്പിവെള്ള വിൽപ്പന കൂടാൻ കാരണം.
ഓണക്കാലത്ത് മാത്രം 20 ശതമാനം അധിക വിൽപ്പനയാണ് സംസ്ഥാനത്ത് ഉണ്ടായത്. ഒരു ലിറ്ററിന്റെ കുപ്പിവെള്ളത്തിനാണ് കൂടുതൽ ആവശ്യക്കാർ. ആവശ്യം മുന്നിൽ കണ്ട് വൻകിട കമ്പനികൾ കൂടുതൽ വെള്ളം സ്റ്റോക്ക് ചെയ്ത് വിപണിയിൽ എത്തിച്ചിരുന്നു. സംസ്ഥാനത്ത് മാത്രം ഏതാണ്ട് 270 കുപ്പിവെള്ള നിർമാണ യൂണിറ്റുകളാണുള്ളത്. ചെറുകിട കമ്പനികളും മത്സരവുമായി രംഗത്തുണ്ടായിരുന്നു. ദിനംപ്രതി ഒരു ലിറ്ററിന്റെ ഏതാണ്ട് 60,000 കുപ്പിവെള്ളമാണ് സംസ്ഥാനത്ത് വിൽക്കുന്നതെന്നാണ് കണക്ക്. 20 രൂപയാണ് സംസ്ഥാനത്ത് ഒരു ലിറ്റർ കുപ്പിവെളളത്തിന്റെ വില.
അര ലിറ്ററിന്റെ കുപ്പിവെള്ളം വിപണിയിലുണ്ടെങ്കിലും ഇവ കൂടുതലായും കല്യാണത്തിനും പൊതുപരിപാടികൾക്കുമാണ് ഉപയോഗിക്കുന്നത്. 10 രൂപയാണ് അര ലിറ്റർ കുപ്പിവെള്ളത്തിന്റെ വില. കൂടാതെ രണ്ട് ലിറ്റർ കുപ്പിവെള്ളത്തിനും 20 ലിറ്റർ ജാറിനും ആവശ്യക്കാരുണ്ട്.
ഓഫീസുകളിലും വീടുകളിലുമാണ് 20 ലിറ്റർ ജാറിന് കൂടുതൽ ആവശ്യക്കാരുള്ളത്. അനധികൃത കുപ്പിവെളള വിൽപ്പനയും സംസ്ഥാനത്ത് തകൃതിയായി നടക്കുന്നുണ്ട്. കുപ്പികളിൽ വെള്ളം നിറച്ചുകൊടുക്കാൻ മാത്രം ലൈസൻസുള്ളവർ കുപ്പിവെള്ളം അനധികൃതമായി സംസ്ഥാനത്ത് വിൽക്കുന്നുണ്ടെന്ന് വ്യാപാരികൾ തന്നെ സമ്മതിക്കുന്നു.
















Comments