എറണാകുളം: ഓൺലൈൻ മുഖേനയുള്ള തട്ടിപ്പിൽ ആലപ്പുഴ സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്നും 90,700 രൂപ നഷ്ടമായതായി പരാതി. എറണാകുളം അമൃത നഴ്സിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ മഞ്ജു ബിനുവിനാണ് പണം നഷ്ടമായത്. തട്ടിപ്പിന് ഇരയായതിന് പിന്നാലെ നാഷണൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.
പാസ്പോർട്ടിലെ പേര് തിരുത്തുന്നതിനായി ഇവർ ഓൺലൈൻ പോർട്ടലിൽ പേര് നൽകിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ആലപ്പുഴയിലെ പാസ്പോർട്ട് സേവനകേന്ദ്രത്തിൽ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം പാസ്പോർട്ട് കൊറിയർ മുഖേന അയച്ചു തരുന്നതിനായി പത്ത് രൂപ സർവീസ് ചാർജ്ജ് അയച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ഫോൺകോളെത്തി. ഇതിനായി ഒരു ലിങ്ക് നൽകുകയും ചെയ്തു. ഇതിലേക്ക് പത്ത് രൂപ അയച്ചു നൽകി.
കുറച്ച് സമയം കഴിഞ്ഞ് പുതിയ ഫോർമാറ്റ് അയച്ചതിന് ശേഷം ഇത് പൂരിപ്പിച്ച് അയക്കണമെന്ന് പറഞ്ഞതനുസരിച്ച് യുപിഐ നമ്പർ ഉൾപ്പെടെ നൽകി. ഇതിന് ശേഷം അക്കൗണ്ടിൽ നിന്നും 90,700 രൂപ പിൻവലിച്ചിരുന്നോ എന്ന ചോദ്യവുമായി എസ്ബിഐയിൽ നിന്നെന്ന വ്യാജേന സന്ദേശം ലഭിച്ചു. സംശയത്തെ തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ ഇവിടെ നിന്നും ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. തുടർന്ന് അക്കൗണ്ട് ബാലൻസ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് തിരിച്ചറിയുന്നത്.
















Comments