റബാത്ത്: സെൻട്രൽ മൊറോക്കോയിൽ 7 .2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 632 ആയി ഉയർന്നു. 329 പേർക്ക് പരിക്കേറ്റതായി മൊറോക്കോ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. ആദ്യം 6.8 തീവ്രത രേഖപ്പെടുത്തിയിരുന്നു. അൽ-ഹൗസ്, മാരാക്കേഷ്, ഔർസാസേറ്റ്, അസിലാൽ, ചിചൗവ, തരൗഡന്റ് എന്നീ പ്രവിശ്യകളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് മൊറോക്കോ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.നേരത്തെ 296 പേർ മരിക്കുകയും 153 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായുള്ള റിപ്പോർട്ടിൽ നിന്ന് മരണസംഖ്യ ഉയർന്നതായി രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, മാരാകേഷിന് 71 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ്, 18.5 കിലോമീറ്റർ താഴ്ചയിൽ ഹൈ അറ്റ്‌ലസ് പർവതനിരകളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.പ്രാദേശിക സമയം രാത്രി 11.11 ഓടെയുണ്ടായ ഭൂചലനത്തിൽ ആളുകൾ റോഡുകളിലും തകർന്ന കെട്ടിടങ്ങളിലും അവശിഷ്ടങ്ങൾ നിറഞ്ഞ തെരുവുകളിലും ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലെ വീഡിയോകളിൽ കാണാം. പ്രഭവകേന്ദ്രത്തിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള തലസ്ഥാനമായ റബാത്തിലും കാസബ്ലാങ്ക, എസ്സൗയിറ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. യുഎസ്ജിഎസ് അനുസരിച്ച്, ഏകദേശം 20 മിനിറ്റിനുശേഷം റിച്ചർ സ്കെയിലിൽ 4.9 രേഖപ്പെടുത്തിയ ഒരു തുടർചലനമുണ്ടായി.
റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച് മൊറോക്കോയിലെ എത്തിച്ചേരാൻ പ്രയാസമുള്ള പർവതപ്രദേശങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രാദേശിക വാർത്താ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മരാകേ ഷും ചുറ്റുമുള്ള പ്രദേശങ്ങളുമാണ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങൾ, ചില കെട്ടിടങ്ങൾ പൂർണ്ണമായും അവശിഷ്ടങ്ങളും പൊടിയുമായി മാറി.
പഴയ നഗരത്തിന് ചുറ്റുമുള്ള പ്രശസ്തമായ ചുവന്ന മതിലുകളും യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ മാരാക്കേഷും ഉൾപ്പെടെ തകർന്ന കെട്ടിടങ്ങൾ കാണിക്കുന്ന വീഡിയോകൾ പ്രദേശവാസികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ടു.
മാരാകേഷിന്റെ ഏറ്റവും പ്രശസ്തമായ ലാൻഡ്‌മാർക്കുകളിൽ ഒന്നായ 12-ാം നൂറ്റാണ്ടിലെ കൗട്ടൂബിയ പള്ളിയുടെ 226 അടി ഉയരമുള്ള മിനാരത്തിന് കേടുപാടുകൾ സംഭവിച്ചു.
















Comments