എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എസി. മൊയ്തീൻ ഇന്ന് ഇഡിയുടെ മുന്നിൽ ഹാജരാകും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടു തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി മൊയ്തീൻ ഹാജരായിരുന്നില്ല. കരുവന്നൂർ സഹകരണ ബാങ്കിലെ 100 കോടിയുടെ വായ്പ തട്ടിയതിനെ സംബന്ധിച്ചുള്ള ചോദ്യം ചെയ്യലിനാണ് എസി.മൊയ്തീൻ ഇന്ന് ഹാജരാവുന്നത്. 10 വർഷത്തെ നികുതി രേഖകളും ബാങ്ക് ഇടപാട് രേഖകളും ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്ന തൃശ്ശൂർ കോർപ്പറേഷന്റെ സി.പി.എം കൗൺസിലർ അനൂപ് ഡേവിസ് വടക്കാഞ്ചേരി നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ആർ. അരവിന്ദാക്ഷനോടും ഇഡി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട് സതീഷ് കുമാറുമായുള്ള ബന്ധത്തിലാണ് ഇവരെയെല്ലാം ചോദ്യം ചെയ്യുന്നത്. മുൻ എം.പി.യും സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിൽ പങ്കാളിയായിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ടെലിഫോൺ ശബ്ദരേഖയുണ്ടെന്നും സാക്ഷിമൊഴികളുണ്ടെന്നും ഇ.ഡി. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2021 ഓഗസ്റ്റിലാണ് പരാതിക്കാരൻ എംവി സുരേഷിന്റെ മൊഴിയിൽ ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
















Comments