വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആപ്തവാക്യമായി ഉപയോഗിച്ചിരിക്കുന്നത് ഉപനിഷത് വാക്യം. തൈത്തിരീയോപനിഷത്തിൽ നിന്നുള്ള ഏവർക്കും സുപരിചിതമായ ‘സത്യം വദ; ധർമ്മം ചര’ യാണ് പ്രചരണതല വാക്യമായി ഉപയോഗിക്കുന്നത്. സത്യം പറയുക, ധർമ്മം പിന്തുടരുക എന്നാണ് ഇതിന്റെ അർത്ഥം.
2024 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിത്വത്തിനുവേണ്ടി മത്സരിക്കുന്ന വിവേക് മലയാളി വേരുകളുള്ള ശതകോടീശ്വരനാണ്. സ്ഥാനാർത്ഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തിൽ നിലവിൽ ട്രംപിനു പുറകിൽ രണ്ടാം സ്ഥാനത്താണ് ഇദ്ദേഹം. ആദ്യ ഘട്ട സംവാദത്തിൽനിന്ന് ട്രംപ് വിട്ടുനിന്നതോടെ ശ്രദ്ധ മുഴുവൻ ഇപ്പോൾ വിവേകിലാണ്. ഇലോൺ മസ്‌ക് ഉൾപ്പെടെ പ്രമുഖർ വിവേകിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു.
ഫോബ്സ് മാഗസിന്റെ യുവസമ്പന്നപ്പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട് ബയോടെക് സംരംഭകൻ കൂടിയായ വിവേക്. ഒഹായോവിൽ ജനിച്ചുവളർന്ന ഇദ്ദേഹം മികച്ച എഴുത്തുകാരനും പ്രഭാഷകനും കൂടിയാണ്. ഇദ്ദേഹത്തിന്റെ അച്ഛൻ വി.ജി. രാമസ്വാമി പാലക്കാട് സ്വദേശിയും അമ്മ ഗീത തൃപ്പൂണിത്തുറ സ്വദേശിനിയുമാണ്. അമ്പത് വർഷം മുൻപാണ് രാമസ്വാമിയും കുടുംബവും യുഎസിലേക്ക് കുടിയേറിയത്. അടുത്തിടെ അച്ഛനും മകനും ശബരിമല ദർശനത്തിന് എത്തിയിരുന്നു. കേരളത്തിൽ എത്തിയാൽ വടക്കഞ്ചേരിയിലെ വീട്ടിലും പാലക്കാട് കൽപാത്തിയിലുള്ള ബന്ധു വീട്ടിലുമാണ് കുടുംബത്തിന്റെ താമസം. ഇന്ത്യൻ വംശജയായ ഡോ.അപൂർവ തിവാരിയാണ് വിവേകിന്റെ ഭാര്യ.
.
















Comments