എറണാകുളം: കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീൻ ഹാജരാക്കിയ രേഖകൾ അപൂർണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എ.സി മൊയ്തീൻ വീണ്ടും രേഖകളുമായി ഹാജരാകേണ്ടി വരുമെന്നും ഇ.ഡി വ്യക്തമാക്കി. സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ വേതനത്തെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളും മന്ത്രി, എംഎൽഎ തുടങ്ങിയ പദവികളിൽ ലഭിച്ച വേതനങ്ങൾ സംബന്ധിച്ചുള്ള രേഖകളുമാണ് മൊയ്തീൻ ഹാജരാക്കിയത്.
ബാങ്കിലെ അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ ബിനാമി വായ്പകൾ അനുവദിക്കാൻ എ.സി മൊയ്തീൻ ശുപാർശ ചെയ്‌തെന്ന് മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി കൂടുതലും ചോദ്യങ്ങൾ ഉന്നയിച്ചത്. ഇതിനുപുറമെ കേസിലെ ഒന്നാം പ്രതി പി. സതീഷ്‌കുമാറിന്റെ ഇടനിലക്കാരനായ കെ.എ.ജിജോർ, തദ്ദേശ ജനപ്രതിനിധികളായ അനൂപ് ഡേവിഡ് കാട, പി.ആർ അരവിന്ദാക്ഷൻ, രാജേഷ് തുടങ്ങിയവരെയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. എസി. മൊയ്തീൻ ഇന്നലെ നൽകിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്തിയ ശേഷം വീണ്ടും ഹാജരാകണം. 11-ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 8:30-നാണ് അവസാനിച്ചത്. ആവശ്യപ്പെട്ട രേഖകൾ കൈമാറിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും മൊയ്തീൻ പറഞ്ഞു.
Comments