എറണാകുളം: ഭാരതീയ മസ്ദൂർ സംഘത്തിന്റെ പ്രഥമ അമൃതാ ദേവി പുരസ്‌കാരം തോട്ടം തൊഴിലാളിയായ പരിസ്ഥിതി പ്രവർത്തകൻ സുനിൽ സുരേന്ദ്രന്. 25001 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. എറണാകുളം ബിടിഎച്ചിൽ നടന്ന ചടങ്ങിൽ വച്ച് ഹൈക്കോടതി ജസ്റ്റിസ് എൻ. നഗരേഷ് പുരസ്‌കാരം സമ്മാനിച്ചു. അമൃതാ ദേവീ ബലിദാന സ്മരണാർത്ഥമാണ് പരിസ്ഥിതി മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് ബിഎംഎസ് പുരസ്‌കാരം ഏർപ്പെടുത്തിയത്.
ലോകം നിലനിൽക്കണമെങ്കിൽ ഭാരതം കാണിച്ചു കൊടുക്കുന്ന വഴിയേ നടക്കണം എന്ന സ്ഥിതി ലോകത്ത് സംജാതമായിരിക്കുന്നുവെന്ന് ഹൈക്കോടതി ജസ്റ്റിസ് എൻ നഗരേഷ് ചടങ്ങിൽ പറഞ്ഞു. ഭൂമിയിലുള്ളത് എല്ലാവർക്കും ഉള്ളതാണ്, നമുക്ക് മാത്രമുള്ളതല്ല. ആവശ്യമായത് മാത്രം ഭൂമിയിൽ നിന്നെടുക്കുക എന്നതാണ് നമ്മുടെ കാഴ്ചപ്പാട് പ്രകൃതിയെ സംരക്ഷിക്കാൻ ജീവത്യാഗം ചെയ്യുന്ന സമൂഹം ഭാരതത്തിൽ മാത്രമേ കാണുവാൻ സാധിക്കൂ. പ്രകൃതിയെ ആരാധിച്ചു കൊണ്ട് ആത്മീയതയിൽ ഊന്നി നിന്നുകൊണ്ടുള്ള ജീവിതക്രമം ഇന്ന് ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുനിൽ സുരേന്ദ്രന് പുരസ്‌കാരം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് എൻ നഗരേഷ്.
തോട്ടം തൊഴിലാളിയായ സുനിൽ സുരേന്ദ്രൻ വ്യത്യസ്ത പരിസ്ഥിതി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. വീരമൃത്യു വരിച്ച സൈനികരെ സ്മരിച്ചു കൊണ്ട് കാവൽ മരം പദ്ധതി, ക്ഷേത്രങ്ങളിൽ പൂജയ്‌ക്ക് ഒരു പൂമരം പദ്ധതി, വിദ്യാലയങ്ങളിൽ അക്ഷര വൃക്ഷം പദ്ധതി, ആശുപത്രികൾ കേന്ദ്രീകരിച്ച് ആതുരവൃക്ഷം പദ്ധതി, കണ്ടൽ വനവൽകരണ പ്രവർത്തനം, പക്ഷികൾക്ക് വെള്ളം നൽകുന്ന തണ്ണീർ കുടം പദ്ധതി തുടങ്ങി വിവിധ തരത്തിൽ പ്രകൃതി സംരക്ഷണത്ത പ്രോത്സാഹിപ്പിക്കുകയാണ് സുനിലും കുടുംബവും.
1730-ൽ രാജസ്ഥാനിലെ ജോദ്പൂരിൽ വൃക്ഷങ്ങൾ മുറിക്കുന്നത് തടയാൻ നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത അമൃതാ ദേവീയും മക്കളും 363 ഗ്രാമീണരും വധിക്കപ്പെട്ടു. ഈ സംഭവത്തിന്റെ സ്മരണാർത്ഥം ബിഎംഎസ് ഓഗസ്റ്റ്-28 പരിസ്ഥിതി ദിനമായും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സെപ്തംബർ-11 ദേശീയ വന രക്തസാക്ഷി ദിനമായും ആചരിക്കുന്നു. ഈ വർഷം മുതൽ ബിഎംഎസ് കേരളം ഏർപ്പെടുത്തിയ പുരസ്‌കാരദാന സമ്മേളനത്തിന് ബിഎംഎസ് സംസ്ഥാന അദ്ധ്യക്ഷൻ ഇ.ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു.
പരിസ്ഥിതി പ്രവർത്തകൻ ഡോ. സി.എം ജോയി പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത്, പരിസ്ഥിതി വിഭാഗം പ്രമുഖ് നാരായണൻ, സഹ പ്രമുഖ് രാജേഷ് ചന്ദ്രൻ, ബിഎംഎസ് സംസ്ഥാന ഭാരവാഹികളായ കെ. മഹേഷ്, എം.പി ചന്ദ്രശേഖരൻ, സിബി വർഗീസ്, കെ.വി. മധുകുമാർ, ബിഎംഎസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് എന്നിവർ സംസാരിച്ചു.
Comments