ചെന്നൈ: ഏറെ വിവാദം സൃഷ്ടിച്ച എആർ റഹ്മാന്റെ സംഗീത നിശയിലെ സുരക്ഷാ വീഴ്ചയിൽ ഉന്നതതല അന്വേഷണം. ഒരു സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ നടന്ന പരിപാടിയാണ് വിവാദമായത്. സെപ്റ്റംബര്‍ 10 ഞായറാഴ്ച ചെന്നൈ പണിയൂരിലെ ആദിത്യാരം പാലസിലാണ് പരിപാടി നടന്നത്. 50,000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവര്‍ക്ക് പോലും സദസ്സിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.
തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ കുഴഞ്ഞ് വീഴുകയും പ്രദേശത്ത് വൻ ഗതാഗതകുരുക്ക് അനുഭവപ്പെടുകയും ചെയ്തു. ഷോ കാണാനെത്തിയ നിരവധിപേരാണ് ദുരിതത്തിലായത്. ഷോ കാണാനെത്തിയ സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ ഉണ്ടായെന്നും പരാതികൾ ഉയർന്നിട്ടുണ്ട്.
ഇരുപതിനായിരം ആളുകൾക്ക് ഇരിക്കാൻ സൗകര്യമുള്ള സ്ഥലത്ത് നടത്തിയ പരിപാടിയിൽ അമ്പതിനായിരത്തിലധികം ടിക്കറ്റുകൾ വിതരണം ചെയ്തതാണ് പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയത്. പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിരുന്നില്ല. രണ്ടും മൂന്നും കിലോമീറ്റർ അകലെയാണ് പലരും വാഹനം പാർക്ക് ചെയ്തത്.
വിഷയം വൻ വിവാദമായതോടെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായി റഹ്മാൻ പ്രതികരിച്ചു. പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments