കോഴിക്കോട്: നിപ ലക്ഷണങ്ങളുമായി കോഴിക്കോട് ഏഴ് പേർ ചികിത്സയിലുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. നിലവിൽ നാല് പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. എന്നാൽ ഇന്ന് രോഗലക്ഷണങ്ങളോടെ മൂന്ന് പേർ ചികിത്സതേടി. കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലാണ് ഇവർ ചികിത്സയിലുളളത്.
മരിച്ച മരുതോങ്കര സ്വദേശിയുടെ സമ്പർക്കത്തിലുള്ള നാല് പേരും ആയഞ്ചേരി സ്വദേശിയുടെ സമ്പർക്കത്തിലുള്ള മൂന്ന് പേരുമാണ് ചികിത്സയിലുള്ളത്. നിപ രോഗബാധിതരുമായി 168 പേർക്കാണ് സമ്പർക്കമുളളത്. ആദ്യ കേസിൽ 158 പേരുണ്ട്. ഇവരിൽ 127 പേർ ആരോഗ്യ പ്രവർത്തകരാണ്. ബാക്കി 31 പേർ ബന്ധുകളും സുഹൃത്തുകളുമടങ്ങുന്ന കോൺടാക്ടുകളാണ്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 168 പേരെയും ഹൈറിസ്‌ക്, ലോറിസ്‌ക് എന്നിങ്ങനെ തരംതിരിക്കും. രണ്ടാമത്തെ കേസിൽ സമ്പർക്കത്തിലുളള 10 പേരെയും ആരോഗ്യ വകുപ്പ് തിരിച്ചറിഞ്ഞു.
കോഴിക്കോട് പൊതുജനങ്ങൾക്കായി ആരോഗ്യ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. രോഗലക്ഷണങ്ങളടങ്ങിയവരെ ആശുപത്രിയിലെത്തിക്കാൻ 108 ആബുലൻസ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തും. സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയരുടെ ചിലവ് വഹിക്കുന്നതിലും നിപ ബാധിത പ്രദേശങ്ങൾ അടച്ചിടുന്നതിലും തീരുമാനം ആയില്ലെന്നും മന്ത്രി വ്യക്തമാക്കി.
സി സി ടി വി ദൃശ്യങ്ങൾ നോക്കി സമ്പർക്ക പട്ടിക വിപുലീകരിക്കും. ഫലം പോസിറ്റീവ് ആയാൽ റൂട്ട് മാപ് പുറത്തിറക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. നാളെ കേന്ദ്ര സംഘം എത്തിയതിന് ശേഷം വവ്വാലുകളുടെ ആവാസ കേന്ദ്രത്തിൽ പരിശോധന നടത്തും. ആകെ മൂന്ന് വിദഗ്ധ സംഘങ്ങളാണ് നാളെ എത്തുക. ഇതിൽ പുനെ എൻഐവി മൊബൈൽ ലബോറട്ടറി ടീമും, ഐസിഎംആർ സംഘവും ഉൾപ്പെടുന്നു.
















Comments