ഗുഹാവത്തി: അഫ്സ്പ നിയമം ഒക്ടോബറോടെ അസമിൽ നിന്ന് പൂർണ്ണമായും എടുത്ത് മാറ്റുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തിയിലെ അടൽ ബിഹാരി വാജ്പേയി ഭവനത്തിൽ നടന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഇക്കാര്യം വ്യക്തമാക്കിയത്.
സേനയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന നിയമം ഈ വർഷം തന്നെ എടുത്തുമാറ്റുമെന്ന് പാർട്ടി പ്രവർത്തകരോടായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ 70 ശതമാനം പ്രദേശത്ത് നിന്നും അഫ്സ്പ ഇപ്പോൾ നിലവിലില്ല. പിന്നാലെയാണ് നിയമം പൂർണ്ണമായും സംസ്ഥാനത്ത് നിന്ന് പിൻവലിക്കാൻ സർക്കാർ മുൻകൈ എടുക്കുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് നടപടികളുമായി മുന്നോട്ട് പോകുന്നത്.
1990-ലാണ് അസാമിലെ ക്രമസമാധന പ്രശ്നം നിലനിന്നിരുന്ന പ്രദേശങ്ങളിൽ അഫ്സ്പ നിയമം പ്രബല്യത്തിൽ വന്നത്. സംസ്ഥാനത്തെ എട്ട് ജില്ലകളിലും ഒരു ജില്ലയുടെ ഒരു സബ് ഡിവിഷനിലും മാത്രമാണ് ഇപ്പോൾ നിയമം നിലവിലുള്ളത്. ടിൻസുകിയ, ദിബ്രുഗഡ്, ചറൈഡിയോ, ശിവസാഗർ, ജോർഹട്ട്, ഗോലാഘട്ട്, കർബി ആംഗ്ലോംഗ്, ദിമ ഹസാവോ ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു.2022 ഏപ്രിൽ 1-ന് അസമിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഈ നിയമം പിൻവലിച്ചു.
Comments