ന്യൂഡൽഹി: കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടൽ ചടങ്ങിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മധ്യപ്രദേശും ഛത്തീസ്ഗ്ഗഡും സന്ദർശിക്കും. രണ്ട് സംസ്ഥാനങ്ങളിലുമായി അമ്പതിനായിരത്തിലധികം കോടി രൂപയുടെ പദ്ധതികൾക്കാണ് തറക്കല്ലിടുന്നത്.
മധ്യപ്രദേശിലെ ബിനയിൽ വച്ച് നടക്കുന്ന ചടങ്ങിൽ 50,700 കോടി രൂപയുടെ പദ്ധതികൾ അദ്ദേഹം നാടിന് സമർപ്പിക്കും. ബിനാറിഫൈനറിയിലെ പെട്രോകെമിക്കൽ കോംപ്ലക്‌സും സംസ്ഥാനത്തുടനീളമുള്ള 10 പുതിയ വ്യവസായ പദ്ധതികളും പദ്ധതികളിൽ ഉൾപ്പെടുന്നു. 49,000 കോടി രൂപയാണ് പെട്രോകെമിക്കൽ പ്രോജക്ടിനും റിഫൈനറി പ്രോജക്ടിനുമായി മാറ്റ് വച്ചിരിക്കുന്നത്. പെട്രോളിയം സെക്ടറിൽ വൻ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കും. ഇത് ബുന്ദേൽക്കണ്ട് മേഖലയെ വൻപുരോഗതിയിലേക്ക് നയിക്കും.
പിന്നീട്, 6,350 കോടി രൂപയുടെ റെയിൽ പദ്ധതികൾ സമർപ്പിക്കുന്നതിനായി അദ്ദേഹം അയൽസംസ്ഥാനമായ ഛത്തീസ്ഗഡിലേക്ക് പോകും. ഛത്തീസ്ഗഡിലെ ഒമ്പത് ജില്ലകളിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്കുകൾക്ക് തറക്കല്ലിടുകയും ഒരു ലക്ഷം സിക്കിൾ സെൽ കൗൺസിലിംഗ് കാർഡുകൾ വിതരണം നടത്തുകയും ചെയ്യും.
Comments