ഭോപ്പാൽ: ഭാരതത്തിന്റെ ദേശീയമതം സനാതന ധർമ്മമാണ്, അധികാരത്തിന് മാത്രമായി ജീവിക്കുന്നവർക്ക് അതിനെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗിയുടെ പ്രതീകരണം. പൗരാണിക കാലം മുതൽ നിരന്തരം ആക്രമിക്കപ്പെട്ട സനാതന ധർമ്മത്തെ ഭാരതത്തിൽ ജീവിക്കുന്ന ചിലർ ഇപ്പോഴും അപമാനിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ ദേശീയ മതം സനാതന ധർമ്മമാണ്. അതിന്റെ അനശ്വരതയെ ആർക്കും ചോദ്യം ചെയ്യാനാവില്ല, ഇൻഡോറിലെ നാഥ് ക്ഷേത്രത്തിൽ ധ്വജസ്തംഭം അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ യുപി മുഖ്യമന്ത്രി പറഞ്ഞു.ഇന്നും ഭാരതത്തിൽ ജീവിക്കുന്ന ചിലർ സനാതന ധർമ്മത്തെ അവഹേളിക്കുന്നു എന്നത് ദൗർഭാഗ്യകരമാണ്. ഭാരതീയ മൂല്യങ്ങളെയും ആദർശങ്ങളെയും തത്വങ്ങളെയും ആക്രമിക്കാനുള്ള ഒരു അവസരവും അവർ പാഴാക്കുന്നില്ല. രാക്ഷസ രാജാവായ രാവണൻ ദൈവമെന്ന യാഥാർത്ഥ്യത്തെ ആക്രമിക്കാൻ ശ്രമിച്ചു, പക്ഷേ അതിന്റെ ഫലമെന്താണ്? രാവണൻ തന്റെ അഹംഭാവത്താൽ നശിപ്പിക്കപ്പെട്ടു, അദ്ദേഹം വാചാലനായി.
അയോദ്ധ്യ ശ്രീരാമക്ഷേത്രം തകർക്കാൻ മുഗൾ എകാധിപതി ബാബർ ശ്രമിച്ചിരുന്നുവെന്നും എന്നാൽ 500 വർഷങ്ങൾക്ക് ശേഷം രാമജന്മഭൂമിയിൽ മഹത്തായ ക്ഷേത്രം ഉയരുകയാണെന്നും ആദിത്യനാഥ് പറഞ്ഞു.’ഹിന്ദു’ എന്നത് ഒരു മതപരമായ പദമല്ലെന്നും ഭാരതീയരുടെരുടെ സാംസ്‌കാരിക സ്വത്വമാണെന്നും അദ്ദേഹം പറഞ്ഞു. നിർഭാഗ്യവശാൽ, ചിലർ ഹിന്ദു സ്വത്വത്തെ ഒരു ഇടുങ്ങിയ പരിധിയിൽ കൊണ്ടുവരാൻ ശ്രമിച്ചു. പുരാതന കാലം മുതൽ രാജ്യത്തെ ഭാരതം എന്നാണ് അഭിസംബോധന ചെയ്തിരുന്നതെന്നും അതിലെ പൗരന്മാരെ ‘ഹിന്ദുക്കൾ’ എന്നാണ് വിളിച്ചിരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾ ഹജ്ജ് നിർവഹിക്കാൻ മക്കയിലേക്ക് പോകുമ്പോൾ സൗദി അറേബ്യയിൽ അവരെ ഹിന്ദുക്കൾ എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇന്ന് ഭാരതം, ഭാരതീയത , സനാതന ധർമ്മം എന്നിവയെ കുറിച്ചാണ് ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ഒരുകാലത്ത് ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും അസ്തിത്വത്തെ ചോദ്യം ചെയ്ത അതേ ആളുകൾ തന്നെയാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Comments