ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലിൽ ഭാരതത്തിന്റെ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. 19 രാഷ്‌ട്രീയ റൈഫിൾസ് യൂണിറ്റിലെ കമാൻറിംഗ് ഓഫീസർ കേണൽ മൻപ്രീത് സിംഗ്, മേജർ ആഷിഷ് ധോഞ്ചക്, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് ഏറ്റുമുട്ടലിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചത്. ഇവരിൽ കേണൽ മൻപ്രീത് സിംഗിന് 2021-ൽ പ്രമോഷന്റെ ഭാഗമായി സമാധാന പ്രദേശത്ത് പോസ്റ്റിംഗ് വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാൽ ധീരനായ ആ സൈനികൻ ആ പോസ്റ്റിംഗ് വേണ്ടെന്നു വെയ്‌ക്കുകയായിരുന്നു.
ഹിസ്ബുൾ മുജാഹിദീൻ ഉൾപ്പെടെയുള്ള ഭീകരരെ വധിച്ച 19 രാഷ്‌ട്രീയ റൈഫിൾസ് എന്ന ബറ്റാലിയനിൽ തുടരാനും കമാൻഡർ ആകാനുമായിരുന്നു മൻപ്രീത് സിംഗിന് താത്പര്യം. ഭാര്യയും ആറുവയസ്സുള്ള മകനും രണ്ടുവയസ്സുള്ള മകളുമുള്ള കേണൽ മൻപ്രീത് സിംഗ് ഒരു യുദ്ധ വിദഗ്ധനായിരുന്നു.19 രാഷ്‌ട്രീയ റൈഫിൾസിന്റെ രണ്ടാം കമാൻഡായിരുന്ന കാലത്ത് സേനാ മെഡലും അദ്ദേഹത്തിന് ലഭിച്ചിരുന്നു. തെക്കൻ അനന്ത്നാഗ്, കൊക്കർനാഗ്, വെരിനാഗ് അച്ചാബൽ എന്നിവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ചുമതലപ്പെടുത്തിയ ബറ്റാലിയന്റെ ഭാഗമായിരുന്നു അദ്ദേഹം.
അടുത്ത ബന്ധം പുലർത്തിയിരുന്ന ഉത്സാഹിയായ മൻപ്രീത് സിംഗ് എന്ന ധീരനായ ഉദ്യോഗസ്ഥനെപ്പറ്റി മനസ്സ് തുറക്കുകയാണ് സഹപ്രവർത്തകൻ. 2021-ൽ കേണലായി സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെ സമാധാന പ്രദേശം തിരഞ്ഞെടുക്കാൻ സിംഗിന് അവസരം ലഭിക്കുകയായിരുന്നു. ‘ഇല്ല സർ, ഞാൻ എന്റെ 19 RR (രാഷ്‌ട്രീയ റൈഫിൾസ്) ൽ തുടരാനും എന്റെ സ്വന്തം ആളുകളോടൊപ്പം ആയിരിക്കാനും ആഗ്രഹിക്കുന്നു. എന്റെ കീഴിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് എനിക്ക് ഉറപ്പാക്കണം’ എന്നായിരുന്നു തനിക്ക് ലഭിച്ച ഓഫർ നിരസിച്ചുകൊണ്ട് വിനയപൂർവ്വം മൻപ്രീത് സിംഗ് നൽകിയ മറുപടി. അദ്ദേഹത്തിന് മറുപടി നൽകാൻ അരനിമിഷം പോലും ആലോചിക്കേണ്ടി വന്നില്ലെന്നും സഹ ഉദ്യോഗസ്ഥർ പറയുന്നു.
















Comments