കുപ്പഹള്ളി സീതാരാമയ്യ സുദര്‍ശന്‍ അഥവാ സുദര്‍ശന്‍ജി (18 June 1931 – 15 September 2012) രാഷ്‌ട്രീയ സ്വയം സംഘത്തിന്റെ അഞ്ചാമത്തെ സര്‍സംഘചാലക് മാത്രമല്ല ശാസ്ത്ര-സാങ്കേതിക-തത്ത്വശാസ്ത്ര രംഗങ്ങളിലെ പ്രഗല്‍ഭര്‍ക്ക് സംഘത്തിനോടു ആഭിമുഖ്യം വളര്‍ത്തിയ ബഹുമുഖ പ്രതിഭ കൂടിയായിരുന്നു. ഡോക്റ്റര്‍ ഹെഡ്ഗേവാര്‍ സ്ഥാപിച്ച്, പ്രൊഫ. ഗുരുജി എം.എസ്. ഗോല്‍വല്‍ക്കര്‍ ആദര്‍ശപരമായ അടിത്തറ പാകിയ, ഇരുവരുടെയും ചൈതന്യം ഉള്‍ക്കൊണ്ട് സാമൂഹ്യ രംഗത്ത് സംഘ സ്വാധീനം വളര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത് വിജയിച്ച ബാലാ സാഹേബ് ദേവറസ്, ഒരു അക്കാഡമിഷന്റെ പ്രെസിഷനോടെ സംഘവികാസത്തില്‍ അനിതരസാധാരണ വിജയം നേടിയ പ്രൊഫ. രാജേന്ദ്ര സിംഗ് എന്ന രജ്ജു ഭായ്യ എന്നിവരുടെ അര്‍ഹനായ പിന്‍ഗാമി ആയിരുന്നു സുദര്‍ശന്‍ജി.

ഛത്തീസ് ഗഡിലെ റായ്പൂരിലാണ് സുദര്‍ശന്‍ജിയുടെ ജനനം. ജബല്‍പൂര്‍ എഞ്ചിനീറിങ് കോളേജില്‍ നിന്നു അദ്ദേഹം ടെലി കമ്മ്യുണിക്കെഷനില്‍ ഓണേഴ്‌സ് ബിരുദം നേടി. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ കുപ്പഹള്ളിയായിരുന്നു അദേഹത്തിന്റെ മാതാ-പിതാക്കളുടെ സ്വദേശം. കേവലം ആറ് വയസ്സിലാണ് അദ്ദേഹം സംഘശാഖയില്‍ ചേര്‍ന്നത്. 1954ല്‍ അദ്ദേഹം സംഘത്തിന്റെ പ്രചാരകനായി. ഇന്ന് ഛത്തീസ് ഗഡിലുള്ള (അന്ന് മധ്യപ്രദേശ്) റായ്ഗഡിലാണ് സുദര്‍ശന്‍ജി ആദ്യമായി പ്രചാരക് എന്ന നിലയില്‍ നിയമിക്കപ്പെട്ടത്. 1964ല്‍ യൗവ്വന കാലത്ത് തന്നെ സുദര്‍ശന്‍ജി മധ്യ ഭാരതത്തിലെ പ്രാന്ത് പ്രചാരക് ആയി നിയമിതനായി. 1974ല്‍ അദ്ദേഹം സംഘത്തിന്റെ അഖില ഭാരതീയ ശാരീരിക് പ്രമുഖ് (ശാരീരിക പരിശീലനങ്ങളുടെ ചുമതലക്കാരന്‍). ആയി നിയമിതനായി. അതോടൊപ്പം മധ്യ ഭാരതത്തിന്റെ പ്രാന്ത് പ്രചാരക് ആയി തുടര്‍ന്നു.
അടിയന്തിരാവസ്ഥ കാലത്ത് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും തുടര്‍ന്ന് മീസ പ്രകാരം തടവിലാക്കപ്പെടുകയും ചെയ്തു. അടിയന്തിരാവസ്ഥയും സംഘ നിരോധനവും പിന്‍വലിക്കപ്പെട്ട ശേഷം അദ്ദേഹം ഹ്രസ്വ കാലത്തേക്കു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയുള്ള ക്ഷേത്രിയ പ്രചാരക് ആയി നിയമിക്കപ്പെട്ടു. വൈകാതെ അദ്ദേഹം അഖില ഭാരതീയ ബൗദ്ധിക് ശിക്ഷന്‍ പ്രമുഖ് (ബുദ്ധിപരമായ പരിശീലനങ്ങളുടെ ചുമതലക്കാരന്‍) ആയി നിയമിതനായി. അങ്ങിനെ സംഘത്തിന്റെ ശാരീരിക് ശിക്ഷന്‍ പ്രമുഖും ബൗദ്ധിക് ശിക്ഷന്‍ പ്രമുഖും ആയി പ്രവര്‍ത്തിച്ചിട്ടുള്ള ഏക സംഘ നേതാവ് എന്ന അസാധാരണ വിശേഷണവും സുദര്‍ശന്‍ജിയ്‌ക്കു മാത്രം സ്വന്തം.
1990ല്‍ സുദര്‍ശന്‍ജി സംഘത്തിന്റെ സഹസര്‍കാര്യവാഹ് (ജോയിന്‍റ് ജനറല്‍ സെക്ക്രട്ടറി) ആയി തെരെഞ്ഞെടുക്കപ്പെട്ടു.

ജനുവരി 2009ല്‍ ഉത്തര്‍ പ്രദേശിലെ മീററ്റിലുള്ള ശോഭിത് സര്‍വകലാശാല ഓണററി ഡോക്റ്ററേറ്റ് നല്കി ആദരിച്ചു. ജീവിതം മുഴുവന്‍ ചെയ്തു വരുന്ന നിസ്വാര്‍ഥ സാമൂഹ്യ സേവനത്തിനും രാഷ്‌ട്ര പുനര്‍നിര്‍മ്മാണത്തിന് നല്‍കുന്ന സംഭാവനകളും മുന്‍ നിര്‍ത്തിയായിരുന്നു അത്.
2000 മാര്‍ച്ച് 10 നു നാലാം സര്‍സംഘ്ചാലക് പ്രൊഫ. രാജേന്ദ്ര സിംഗ് (രജ്ജു ഭയ്യ) ആരോഗ്യ കാരണങ്ങളാല്‍ പദവി ഒഴിഞ്ഞപ്പോള്‍ പ്രസ്തുത ചുമതല അദ്ദേഹം കൈമാറിയത് കെ.എസ്. സുദര്‍ശന്‍ജിക്കായിരുന്നു. അന്നത്തെ സര്‍കാര്യവാഹ് എച്ച്.വി. ശേഷാദ്രി തന്റെ മോശമായ ആരോഗ്യത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നത പദവി ഏറ്റെടുക്കുന്നതില്‍ വിമുഖത കാണിച്ചതുമൂലമാണ് സുദര്‍ശന്‍ജിയ്‌ക്കു സ്ഥാനമേറ്റെടുക്കേണ്ടി വന്നത്.
സര്‍സംഘ്ചാലക് പദവി ഏറ്റെടുത്തു കൊണ്ട് ചെയ്ത പ്രസംഗത്തില്‍ അദ്ദേഹം തന്നെ മധ്യപ്രദേശ് പ്രാന്ത് പ്രചാരക് ആയി നിയോഗിച്ച കാര്യങ്ങള്‍ സ്മരിച്ചു. ആ ചുമതല ഏറ്റെടുക്കാന്‍ താന്‍ മാനസികമായി തയ്യാറല്ലായിരുന്നു എന്നും ഒടുവില്‍ പരമ പൂജനീയ ഗുരുജിയാണ് സ്നേഹപൂര്‍വ്വം തന്നെ പ്രേരിപ്പിച്ചത് എന്നും അദ്ദേഹം ഓര്‍ത്തു. തന്നെക്കാള്‍ മുതിര്‍ന്ന കാര്യകര്‍ത്താക്കളുടെ ഹൃദയം നിറഞ്ഞ സഹകരണം കൊണ്ടാണ് തനിക്ക് ആ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിഞ്ഞത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂജനീയ ഗുരുജിയുടെയും ആദരണീയരായ ബാല സാഹേബ് ദേവറസ്, പ്രൊഫ. രാജേന്ദ്ര സിംഗ് എന്നീ സര്‍സംഘ്ചാലകന്‍മാരുടെ കൂടെ അടുത്തു ഇടപഴകി പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിച്ച മഹദ് വ്യക്തിയായിരുന്നു സുദര്‍ശന്‍ജി.

കറകളഞ്ഞ സ്വദേശി വാദി ആയിരുന്നു സുദര്‍ശന്‍ജി. ബഹുരാഷ്‌ട്ര കുത്തകകളുടെ സാമ്പത്തിക കടന്നുകയറ്റം, ഗാട്ട് കരാറിന്റെ മറവില്‍ ഭാരതീയ സമ്പത് വ്യവസ്ഥയെ കൊള്ളയടിക്കുന്നതില്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ മല്‍സരം എന്നിവയെ നേരിടാന്‍ ദത്തോപാന്ത് ഠേംഗ്ഡിയുടെ നേതൃത്വത്തില്‍ സ്വദേശി ജാഗരണ്‍ മഞ്ച് സ്ഥാപിച്ചപ്പോള്‍ സുദര്‍ശന്‍ജിയുടെ പൂര്‍ണ അനുഗ്രഹം ഉണ്ടായിരുന്നു.
ശാസ്ത്ര കാര്യങ്ങളില്‍ അദ്ദേഹം ഏറെ തല്‍പരനായിരുന്നു. യാത്രകളില്‍ അദ്ദേഹത്തിന്റെ ലേഗേജില്‍ ഒന്നോ രണ്ടോ ജോഡി വസ്ത്രങ്ങള്‍ ഒഴിച്ചാല്‍ പിന്നെ എല്ലാം പുസ്തകങ്ങളായിരുന്നു. ശാസ്ത്രം, സമ്പദ് ശാസ്ത്രം, പരിസ്ഥിതി എന്നിവ അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. ശാസ്ത്ര സംബന്ധിയായി എഴുതുന്ന തങ്ങളുടെ പുസ്തകങ്ങള്‍ പ്രകാശനം കഴിഞ്ഞാല്‍ ഉടനെ ഒരു കോപ്പി സുദര്‍ശന്‍ജിയ്‌ക്കു അയച്ചു കൊടുക്കുന്ന പതിവുള്ള ചില ഗ്രന്ഥകര്‍ത്താക്കള്‍ കേരളത്തില്‍ തന്നെ ഉണ്ടായിരുന്നു. എത്ര ബൃഹത്തായ പുസ്തകമായാലും ദിവസങ്ങള്‍ക്കുള്ളില്‍ അത് വായിച്ചു തീര്‍ത്തു അതിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അദ്ദേഹം ഗ്രന്ഥകാരനെ എഴുതി അറിയിക്കുമായിരുന്നു. വിമാനമായാലും ട്രയിന്‍ ആയാലും യാത്രകള്‍ അദ്ദേഹത്തിന് വായനക്കുള്ള ഇടവേളകളായിരുന്നു.
2009 മാര്‍ച്ച് 21 നു ആരോഗ്യപരമായ കാരണങ്ങളാല്‍ സുദര്‍ശന്‍ജി സര്‍സംഘ്ചാലക് പദവിയില്‍ നിന്നു വിരമിച്ചു. ആറാം സര്‍സംഘ്ചാലക് ആയി ഡോ. മോഹന്‍ ഭാഗവതിനാണ് അദ്ദേഹം പദവി കൈമാറിയത്. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യ നില അനുദിനം ക്ഷയിച്ചു. 2012 സെപ്റ്റംബർ 15 നു സുദര്‍ശന്‍ജി ഇഹലോക വാസം വെടിഞ്ഞു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കരുത്തുറ്റതാക്കാനുള്ള പഠനം നടത്തിയ സംഘ നേതാവ് എന്ന നിലയില്‍ സുദര്‍ശന്‍ജി എന്നും സ്മരിക്കപ്പെടും.
ടി. സതീശന്‍, കൊച്ചി
Phone: 9388609488
















Comments