ന്യൂഡൽഹി: ഇന്ത്യൻ അഭിഭാഷകരെ ക്രിക്കറ്റ് കളിക്കാൻ ക്ഷണിച്ച് പാകിസ്താൻ ബാർ കൗൺസിൽ. ഇരുരാജ്യങ്ങളിലെയും അഭിഭാഷകർ തമ്മിലുളള ബന്ധം ദൃഢമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒക്ടോബറിൽ പാകിസ്താൻ സന്ദർശനം നടത്താൻ വനിതാ അഭിഭാഷകരെയും ക്ഷണിച്ചിട്ടുണ്ട്. പാകിസ്താൻ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിൽ ഇരുരാജ്യങ്ങളിലെയും അഭിഭാഷകർ തമ്മിലുളള ക്രിക്കറ്റ് മത്സരം നടത്താനും പദ്ധതിയുണ്ട്.
അഖിലേന്ത്യാ ബാർ അസോസിയേഷൻ ചെയർമാനായ ആദിഷ് സി അഗർവാലക്കാണ് പാകിസ്താൻ ബാർ കൗൺസിൽ ചെയർമാൻ ഹസൻ റാസ പാഷ ക്ഷണക്കത്ത് അയച്ചിരിക്കുന്നത്
നിയമവ്യവസ്ഥയെ കൂടുതൽ മനസിലാക്കാനും അഭിഭാഷകർ തമ്മിലുള്ള ഐക്യവും സൗഹാർദ്ദവും വർദ്ധിപ്പിക്കാനുമാണ് ഇത്തരത്തിൽ മത്സരം സംഘടിപ്പിക്കുന്നത്. നിയമങ്ങളെ കുറിച്ചുളള വീക്ഷണങ്ങൾ പങ്കുവയ്‌ക്കാനും നിയമപരമായ വൈദഗ്ധ്യവും അറിവും വർദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നും കത്തിൽ പറയുന്നു.
പാകിസ്താൻ ബാർ കൗൺസിലിൽ നിന്ന് ക്ഷണം ലഭിച്ചതായി അഖിലേന്ത്യാ ബാർ അസോസിയേഷൻ ചെയർമാൻ ആദിഷ് സി അഗർവാല
അറിയിച്ചു. രാജ്യങ്ങൾ തമ്മിലുളള ബന്ധം ഊഷ്മളമാകുന്നതിനും സാഹോദര്യം ഊട്ടി ഉറപ്പിക്കാനും ഈ സന്ദർശനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ- പാക് ക്രിക്കറ്റ് പോരാട്ടം ആരാധകർക്കെന്നും ആവേശമാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുളള നയതന്ത്ര പ്രശ്‌നങ്ങളുടെ ആകം കുറയ്‌ക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുരുഷ, വനിതാ ക്രിക്കറ്റ് മൽസരങ്ങൾ കറാച്ചി, റാവൽ പിണ്ടി എന്നീ നഗരങ്ങളിൽ വെച്ച് നടത്താണ് പാകിസ്താൻ ബാർ കൗൺസിൽ തിീരുമാനിച്ചിട്ടുളളത്. വിദേശകാര്യ മന്ത്രാലയം,ആഭ്യന്തര മന്ത്രാലയം,നിയമ-നീതി മന്ത്രാലയം, കായിക മന്ത്രാലയം എന്നിവിടങ്ങളിൽ നിന്ന് അനുമതിക്കു വേണ്ടി അപേക്ഷ നൽകിയിട്ടുണ്ടെന്നും ആദിഷ് അഗർവാല അറിയിച്ചു.
Comments