എഴുതിയത് ഡോ: മഹേന്ദ്ര കുമാർ പി എസ്
2023 സെപ്റ്റംബർ മാസം 19 ആം തീയതി ചൊവ്വാഴ്‌ച്ചയാണ് ഭാരതമെമ്പാടും വലിയ ആഘോഷങ്ങളോടു കൂടി, വിനായക ചതുർത്ഥി അഥവാ ഗണേശ ചതുർത്ഥി ഉത്സവം ആഘോഷിക്കുന്നത്. അന്നേ ദിവസം വീടുകളിലും ഓഫീസുകളിലും കച്ചവട സ്ഥാപനങ്ങളിലും തെരുവുകളിലും എന്നു വേണ്ട മിക്കവാറും പൊതു ഇടങ്ങളിലൊക്കെ ഗണപതി വിഗ്രഹം സ്ഥാപിക്കുന്നു.10 ദിവസത്തെ പൂജകൾക്കു ശേഷം, “അനന്തചതുർദ്ദശി ” ദിവസം (സെപ്റ്റംബർ 28 ന്) വിഗ്രഹങ്ങൾ ജലാശയങ്ങളിൽ നിമജ്ജനം ചെയ്യുന്നതോടെ ഉത്സവം യഥാവിധി സമ്പൂർണ്ണമാകുന്നു.
എന്നാൽ കേരളത്തിൽ വിനായക ചതുർത്ഥി ആചരിച്ചത്, കഴിഞ്ഞ മാസമാണ്. ആഗസ്റ്റ് 20 ഞായറാഴ്ചയാണ് വിനായക ചതുർത്ഥി ( കൊല്ലവർഷം 1199 ചിങ്ങമാസം 4 ആം തിയതി ) എന്നാണ് കേരളത്തിൽ നിന്നും പ്രസിദ്ധപ്പെടുത്തുന്ന എല്ലാ പഞ്ചാംഗങ്ങളിലും കലണ്ടറുകളിലും കൊടുത്തിട്ടുള്ളത്. അതിനെ അടിസ്ഥാനപ്പെടുത്തി കേരളത്തിൽ ഒട്ടുമിക്കയിടത്തും വിനായക ചതുർത്ഥി ആഘോഷം നടക്കുകയും ചെയ്തു.
എല്ലായിടത്തും എന്ന് പറയുന്നില്ല, വടക്കൻ കേരളത്തിൽ ചിലയിടങ്ങളിൽ സെപ്റ്റംബർ 19 ന് ആഘോഷം നടക്കാനിരിക്കുന്നതായി കേട്ടിരുന്നു.
എന്തുകൊണ്ടാണ് ഇപ്രകാരം തിയതികളിൽ ഒരു വൈരുദ്ധ്യം സംഭവിച്ചത്. ?
ഗണേശ പുരാണത്തെയും മുദ്ഗല പുരാണത്തെയും അടിസ്ഥാനപ്പെടുത്തി ഉണ്ടായതാണ് വിനായക ചതുർത്ഥി വ്രതവും, വിഗ്രഹപൂജയും മറ്റ് ആചരണങ്ങളും. ഭാദ്രപദ മാസത്തിലെ ശുക്ലപക്ഷ ചതുർത്ഥി തിഥിയിലാണ് വിനായക ചതുർത്ഥി ആഘോഷിക്കേണ്ടതെന്ന്, പുരാണങ്ങളിലും സനാതന ധർമ്മ സംബന്ധിയായ അനേകം ഗ്രന്ഥങ്ങളിലും കാണുന്നുണ്ട്.
സാധാരണഗതിയിൽ ഭാരതമെമ്പാടും ആചരിക്കുന്ന ദിവസം തന്നെയാണ് കേരളത്തിലും വിനായക ചതുർത്ഥി ആചരിച്ച് കണ്ടിട്ടുള്ളത്. പക്ഷേ ചില വർഷങ്ങളിൽ മാറിയും വരാറുണ്ട്.
അതിനൊരു കാരണമുണ്ട്.
പൗരാണിക കാലം തൊട്ടേയുള്ള ഭാരതത്തിലെ മാസങ്ങൾ കണക്കാക്കുന്ന രീതിയും, കേരളം പിന്തുടരുന്ന കൊല്ലവർഷത്തിലെ മാസ സമ്പ്രദായവും തമ്മിൽ ചില അടിസ്ഥാന വിഷയങ്ങളിൽ സംഭവിച്ച പാളിച്ചയാണ് ഇതിന് കാരണം. ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, പ്രോഷ്ഠപദം അഥവാ ഭാദ്രപദം, ആശ്വിനം, കാർത്തികം, മാർഗ്ഗശീർഷം, പൗഷം, മാഘം, ഫാൽഗുനം എന്നിങ്ങനെയാണ് ഭാരതത്തിന്റെ ചൈത്രാദി മാസനാമങ്ങൾ. 1945 വർഷങ്ങൾക്കു മുമ്പ് AD 78 ൽ ഭാരതത്തിന്റെ ദേശീയ കലണ്ടർ ആയ ശകവർഷം ആരംഭിച്ചപ്പോഴും ഇതേ നാമങ്ങൾ തന്നെയാണ് അതിലും സ്വീകരിച്ചത്.
അവിടെ വർഷാരംഭ മാസമായ ചൈത്രം 1 വരുന്നത് യഥാർത്ഥ വിഷുവം ദിവസത്തിലാണ്. പകലും രാത്രിയും തുല്യമായി വരുന്ന ദിവസം എന്നാണ് “ദിവാ രാത്രി സമാ കാലേ” എന്ന വിഷു നിർവ്വചനം കൊണ്ട് അർത്ഥമാക്കുന്നത്.
യഥാർത്ഥത്തിൽ നമ്മൾ ഇന്ന് ആചരിക്കുന്ന മേടം ഒന്നിനല്ല പകലും രാത്രിയും തുല്യമായി വരുന്നത്. 23 – 24 ദിവസം പിന്നിലായി ചൈത്ര മാസം ഒന്നാം തിയതിയാണ് അത് വരുന്നത്. (പക്ഷേ നമുക്ക് അന്ന് മീനം 7/8 ആയിരിക്കും). ചിത്തിര നക്ഷത്രത്തിൽ പൗർണ്ണമി വരുന്ന മാസം എന്നും ചൈത്രത്തിന് അർത്ഥമുണ്ട്. മറ്റു മാസങ്ങളുടെ നാമം സ്വീകരിച്ചതും ഇതേ പ്രകാരം തന്നെ.
ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി സൂര്യന്റെ രാശി സംക്രമം മുതൽക്കാണ് നമുക്കു മലയാള മാസം ആരംഭിക്കുക.ഈ രണ്ട് സമ്പ്രദായങ്ങളുടെയും ഗണിതം തമ്മിലുള്ള, ദിവസങ്ങളുടെ വ്യത്യാസമാണ് യഥാർത്ഥത്തിൽ ഈ ഉത്സവാദി ദിവസങ്ങളിൽ കണക്കാക്കുന്നതിലെ വൈരുദ്ധ്യം സൃഷ്ടിക്കുന്നത്.
ഏതാണ് ശരി
പക്ഷേ ഏതാണ് ശരി എന്ന് ചോദിച്ചാൽ,
രൂപീകൃതമായിട്ടും ആചരണത്തിൽ വന്നിട്ടും, കേവലം 12 നൂറ്റാണ്ട് മാത്രം പഴക്കമുള്ള കൊല്ലവർഷ സമ്പ്രദായം മുഴുവൻ ഭാരതവും സ്വീകരിക്കണമെന്ന് വാശിപിടിക്കാനാവില്ലല്ലോ. മാത്രമല്ല അതിൽ ജ്യോതി:ശാസ്ത്രപരമായും ആചരണപരമായും ഉള്ള ചില സാങ്കേതിക പ്രശ്നങ്ങളും ഉടലെടുക്കുന്നുണ്ട്. ഭാരതത്തിലെ പഞ്ചാംഗ ഗണനാ ഏകീകരണം ലക്ഷ്യമിട്ട് ഭാരത സർക്കാർ 1957 ൽ നടത്തിയ ശ്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ ദീർഘവീക്ഷണമില്ലായ്മയും വിഷയജ്ഞാനരാഹിത്യവും ഇതിന് പിന്നിലെ ഒരു കാരണമായി ചൂണ്ടിക്കാട്ടാൻ സാധിക്കും.
ചൈത്ര മാസത്തെ മേട മാസമായി കണക്കാക്കുന്ന കേരളീയ ശൈലി പിന്തുടർന്ന് ശ്രാവണ മാസത്തിൽ ചെയ്യേണ്ടുന്ന ആചരണങ്ങളെയൊക്കെ, ശ്രാവണം = ചിങ്ങം എന്ന് രീതിക്ക് മലയാളികൾ ചിങ്ങമാസത്തിലാണ് ചെയ്തുവരുന്നത്. എന്നാൽ ചിങ്ങമാസം 6 ആം തിയതിക്ക്, ശ്രാവണം 31 വന്ന് ആ മാസം അവസാനിക്കുകയാണ്. (ആഗസ്റ്റ് 22)
ഇത്തവണ വിനായക ചതുർത്ഥിയുടെ വിഷയത്തിലും ഇതു തന്നെയാണ് സംഭവിച്ചത്.
2023 ആഗസ്റ്റ് 17 ന് തുടങ്ങിയ ചിങ്ങ മാസം സെപ്റ്റംബർ മാസം 17ന് അവസാനിക്കുന്നു. ചിങ്ങമാസത്തിലെ വെളുത്ത പക്ഷ ചതുർത്ഥി വരുന്ന ആഗസ്റ്റ് 20 (ചിങ്ങം 4) ഞായറാഴ്ച, മലയാള കലണ്ടർ പ്രകാരം വിനായക ചതുർത്ഥി ആഘോഷിച്ചു. അന്ന് പക്ഷേ ശ്രാവണം 29 ആയിരുന്നു. ഭാദ്രപദത്തിലെ ശുക്ലപക്ഷ ചതുർത്ഥിക്ക് ആചരിക്കേണ്ട ഗണേശ ചതുർത്ഥി എന്തിന് അന്ന് ആഘോഷിച്ചു എന്നതിനെ പറ്റി മലയാളികൾക്ക് വ്യക്തതയോ ബോദ്ധ്യമോ വന്നിട്ടില്ല. ഓഗസ്റ്റ് 23 ന് (ചിങ്ങം 7 ന്) തുടങ്ങി സെപ്റ്റംബർ 22 ന് അവസാനിക്കുന്ന ഭാദ്രപദ മാസത്തിലെ, കറുത്തവാവ് കഴിഞ്ഞു വരുന്ന നാലാം ദിവസമാണ് (ചതുർത്ഥി തിഥി എന്നാൽ 4 ആം ദിവസം എന്നർത്ഥം) വിനായക ചതുർത്ഥി ആഘോഷിക്കേണ്ടത് എന്നതാണ് സത്യം. ഓഗസ്റ്റ് 23 നും സെപ്റ്റംബർ 22നും ഇടയ്‌ക്ക്, കറുത്തവാവ് വരുന്ന ദിവസത്തിന് ശേഷമുള്ള ചതുർത്ഥി തിഥി വരുന്നത് സെപ്റ്റംബർ 19 ചൊവ്വാഴ്‌ച്ചയാണ്. ഈ ദിവസം ആയപ്പോഴേക്കും കന്നി മാസം തുടങ്ങിയിരുന്നുവല്ലോ. ചിങ്ങമാസത്തിലാണല്ലോ വിനായക ചതുർത്ഥി ആഘോഷിക്കേണ്ടത് എന്ന ധാരണയിൽ, നമ്മൾ ഒരു മാസം മുന്നേ ആചരിച്ചും കഴിഞ്ഞു.
ഭാരതീയ മാസങ്ങളിൽ ഒന്നാമത്തേതായ ചൈത്രത്തെ നമ്മുടെ കൊല്ലവർഷ സമ്പ്രദായത്തിലെ മേടമാസമായി കണക്കാക്കിയിട്ടുണ്ട് എന്നത് മാത്രമല്ല കഥ. പണ്ടേയ്‌ക്ക് പണ്ടേ മലയാളികൾ വൃശ്ചിക മാസത്തെ കാർത്തിക മാസം എന്ന ശകമാസ നാമത്തിലാണ് വിശേഷിപ്പിച്ചിരുന്നത് എന്നതും ഏവർക്കും അറിയാമെന്ന് കരുതുന്നു. ചൈത്രം മുതൽക്ക് എട്ടാമത്തേതാണ് കാർത്തിക മാസം. മേടം തൊട്ട് എണ്ണുമ്പോൾ എട്ടാമത്തെ മാസമാണ് വൃശ്ചികം. അങ്ങനെയെങ്കിൽ ചൈത്ര മാസം മുതൽക്ക് ആറാമത്തെ ശക മാസ നാമമായ ഭാദ്രപദവും, മലയാള മാസങ്ങളിൽ മേടം മുതൽക്ക് ആറാമത്തെ മാസവുമായ കന്നിയും ഒന്നായി വരുന്നതിൽ ഒരു യുക്തിയുണ്ട് എന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണ്.
എഴുതിയത് : Dr . മഹേന്ദ്ര കുമാർ പി എസ്
(ജ്യോതിഷ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ: മഹേന്ദ്ര കുമാർ പി എസ് അറിയപ്പെടുന്ന ഒരു ജ്യോതിശാസ്ത്ര വിശാരദനാണ്)
Comments