ഇന്ന് സെപ്റ്റംബർ 16, ലോക ഓസോൺ ദിനം. സൂര്യനിൽ നിന്നുള്ള അപകടകരമായ വികിരണങ്ങളെ തടയുന്ന അദൃശ്യമായ സംരക്ഷണ കവചമാണ് ഓസോൺ പാളി. നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതിൽ ഓസോൺ പാളിയുടെ പ്രാധാന്യവും അതിന്റെ പ്രധാന സംഭാവനയും ഉയർത്തിക്കാട്ടുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. ഓസോൺ കാത്തുസൂക്ഷിക്കൂ, നമ്മുടെ അന്തരീക്ഷത്തെ സംരക്ഷിക്കൂ എന്നതാണ് ഈ വർഷത്തെ പുതുപുത്തൻ ഓസോൺ ദിന സന്ദേശം.
1988-ൽ ഐക്യരാഷ്‌ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഈ ഉടമ്പടിയെ മോൺട്രിയോൾ പ്രോട്ടോകോൾ എന്ന് വിളിക്കുന്നു. ഓസോൺ ശോഷിക്കുന്ന പദാർത്ഥങ്ങൾക്കെതിരെ (ഒഡിഎസ്) 1987-ൽ സ്ഥാപിതമായ പാരിസ്ഥിതിക ഉടമ്പടി മോൺട്രിയൽ പ്രോട്ടോക്കോളിന്റെ സ്മരണയ്‌ക്കായി ലോക ഓസോൺ ദിനം ആചരിക്കുന്നു.
ഐക്യരാഷ്‌ട്ര സംഘടന 1994 മുതലാണ് ഓസോൺ ദിനം ആചരിച്ചു തുടങ്ങിയത്. ഇളം നീല നിറത്തിലുള്ള ഓസോൺ പാളി കാണപ്പെടുന്നത് അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലാണ്. ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റാണ് ഡോബ്‌സൺ യുണിറ്റ്. ഓസോൺ പാളി ട്രൈ ഓക്സിജൻ തന്മാത്ര (O3) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഹാനികരമായ അൾട്രാവയലറ്റ് (UV) കിരണങ്ങളെ ആഗിരണം ചെയ്യാനുള്ള കഴിവുമുണ്ട്. ക്ലോറോഫ്‌ലൂറോകാർബണുകൾ (സിഎഫ്സികൾ),ഹലോണുകൾ, കാർബൺ മോണോക്സൈഡ്, കാർബൺ ടെട്രാക്ലോറൈഡ്, ക്ലോറിൻ, മീഥൈൽ ക്ലോറോഫോം തുടങ്ങിയവ ഓസോൺ പാളിക് ശോഷണം ഉണ്ടാക്കുന്നു.
അതേസമയം ഓസോൺ പാളി അനുദിനം തകർച്ച നേരിടുകയാണ്. ഓസോൺ പാളിക്ക് ദ്വാരം അല്ലെങ്കിൽ വിള്ളൽ ഉണ്ടായികൊണ്ടിരിക്കുയാണ്. ഒരു പ്രദേശത്ത് ഓസോൺ പാളിയുടെ കനം കുറയുന്ന അവസ്ഥയാണ് ഓസോൺ പാളിയുടെ ദ്വാരം എന്നറിയപ്പെടുന്നത്. മനുഷ്യ നിർമ്മിത ബ്രോമോഫ്‌ലൂറോ കാർബണാണ് ഇന്ന് ഓസോണിന് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നത്. ഭൂമിയുടെ കുട എന്നും പുതപ്പെന്നും വിശേഷിപ്പിക്കുന്ന ഓസോൺ പാളികൾ സംരക്ഷിക്കപ്പെടേണ്ടത് ജീവജാലങ്ങളുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്.
ശാസ്ത്ര സാങ്കേതിക രംഗത്ത് പുതപുത്തൻ കണ്ടുപിടിത്തങ്ങളും കാൽവെയ്പ്പുകളുമായി അതിവേഗം ഉയർച്ചയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം ജീവന്റെ നിലനിൽപ്പിനെക്കുറിച്ച് ഇനിയും ബോധവാന്മാരാവേണ്ടിയിരിക്കുന്നു. അതിന് നമ്മൾ ഓരോരുത്തരും ഓസോൺ പാളിയുടെ സംരക്ഷണത്തെക്കുറിച്ചും ബോധവന്മാരാകണം. ഇനിയുള്ള ഓരോ ദിവസവും ഓരോ മനുഷ്യനും ഓരോ രാജ്യവും ഓരോ ഭരണകൂടവും അതിൽ പൂർണമനസോടെ പങ്കുവഹിക്കണം.
അതേസമയം മോൺട്രിയൽ പ്രോട്ടോക്കോളിന്റെ സഹായത്തോടെ ഓസോൺ പാളിയുടെ സംരക്ഷണം നല്ലതോതിൽ കഴിഞ്ഞ നാല് ദശകങ്ങളിൽ നടന്നുവന്നിട്ടുണ്ട്. ഓസോൺ പാളിയുടെ ശോഷണം ഉണ്ടാക്കുന്ന രാസവസ്തുക്കളുടെയും വാതകങ്ങളുടെയും ഉൽപാദനം കർശനമായി നിയന്ത്രിക്കപ്പെട്ടു കഴിഞ്ഞു. ഓസോൺ പാളിയിലുണ്ടായ വലിയ ദ്വാരം പൂർണ്ണമായി ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും അതിലേക്കുള്ള വലിയ ചുവടുകൾ നാം വച്ചുകഴിഞ്ഞു എന്നാണ് ശാസ്ത്രലോകം വെളിപ്പെടുത്തുന്നത്. ഈ നൂറ്റാണ്ടിന്റെ പകുതി കഴിയുന്നതോടെ പ്രശ്‌നത്തിന് പൂർണ്ണപരിഹാരം കാണാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഓസോൺ പാളിയുടെ കാര്യത്തിൽ പ്രതീക്ഷ ഇനിയുമുണ്ട് എന്നുള്ളതിന്റെ സൂചനയാണ് അത്.
Comments