മനാമ: സോപാനം വാദ്യകലാസംഘവും കോൺവെക്സ് ഇവന്റും സംയുക്തമായി സംഘടിപ്പിക്കുന്ന സോപാനം വാദ്യസംഗമം ഒക്ടോബർ ആറിന് നടക്കും. വൈകിട്ട് നാല് മണി മുതൽ ടുബ്ലി അദാരി പാർക്ക് ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത കലാരൂപങ്ങൾ ഉൾപ്പെടുത്തിയാണ് ഈ വർഷത്തെ വാദ്യസംഗമ പരിപാടി സംഘടിപ്പിക്കുക.
പ്രശസ്ത സോപാന സംഗീതഞ്ജൻ സോപാനരത്നം അമ്പലപ്പുഴ വിജയകുമാറിന്റെ നേതൃത്വത്തിൽ 40 കലാകാരന്മാരെയും കലാകാരികളെയും ഉൾപ്പെടുത്തി സോപാന സംഗീതം ആലപിക്കും. തുടർന്ന് കേരള സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ ആഭിമുഖ്യത്തിൽ 200-ൽപ്പരം വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളവും അരങ്ങേറും.
പ്രശസ്ത മ്യൂസിക് വാദ്യകല ബാൻഡായ ത്രികായ അവതരിപ്പിക്കുന്ന വാദ്യസംഗീത പരിപാടിയിൽ കേരളത്തിലെ പ്രഗത്ഭരായ വാദ്യസംഗീത കലാകാരന്മാർ പങ്കെടുക്കും. ത്രികായ സംഗീത പരിപാടിയിൽ സംഗീത സംവിധായകൻ ശരത് പങ്കെടുക്കുന്നതായരിക്കും. സോപാനം വാദ്യസംഗമ പരിപാടികൾക്കായി അതിവിപുലമായ സംവിധാനങ്ങളാണ് സജ്ജീകരിക്കുന്നത്. പരിപാടിയിൽ പ്രവേശനം സൗജന്യമാണ്.
Comments