പുതിയ പാർലമെന്റ് മന്ദിരത്തിന് ആറ് കവാടം, ആറ് പേരുകൾ, ആറ് ബിംബങ്ങൾ; പിന്നിലെ പൊരുളറിയാം..

Published by
Janam Web Desk

ഭാരതത്തിന്റ സംസ്കാരത്തെയും പൈതൃകത്തെയും ഉയർത്തികാണിക്കുന്നതാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഓരോ കോണും. പുതിയ മന്ദിരത്തിലേക്കുള്ള കവാടങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്. ആകെ ആറ് കവാടങ്ങളാണ് പുതിയ മന്ദിരത്തിലുള്ളത്. ഈ ആറ് വാതിലുകളുടെയും സമീപം വിശിഷ്ടമായ ബിംബങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയോരോന്നും എന്താണെന്നും അവയുടെ പ്രത്യേകതകളും അറിയാം..

ഗജദ്വാരം, അശ്വദ്വാരം, ഗരുഡ ദ്വാരം, മകര ദ്വാരം, ശാർദൂല ദ്വാരം, ഹംസദ്വാരം എന്നിവയാണ് ആറ് കവാടങ്ങൾ.
ബുദ്ധിയെയും ജ്ഞാനത്തെയും ഓർമ്മയെയും സമ്പത്തിനെയും പ്രതിനിധീകരിക്കുന്നതാണ് ഗജദ്വാരം. വാസ്തുശാസ്ത്ര പ്രകാരം ബുദ്ധിയുടെ ഉറവിടമായി വിശ്വസിക്കപ്പടുന്നത് വടക്ക് ഭാഗമാണ്. പുതിയ മന്ദിരത്തിന്റെ വടക്കുഭാഗത്തുള്ള കവാടത്തിലാണ് ആനയുടെ ബിംബമുള്ളത്. ആന സമൃദ്ധിയും സന്തോഷവും കൊണ്ടുവരുമെന്നാണ് വിശ്വാസം.

രണ്ടാമത്തെ കവാടത്തിന്റ പേര് അശ്വദ്വാർ എന്നാണ്. ശക്തി, ധൈര്യം എന്നിവയുടെ പ്രതീകമായ കുതിരയെയാണ് ഈ കവാടം പ്രതിനിധീകരിക്കുന്നത്.

മൂന്നാമത്തെ കവാടത്തിന് പക്ഷികളുടെ രാജാവായ ഗരുഡന്റെ പേരാണ് നൽകിയിരിക്കുന്നത്. മഹാവിഷ്ണുവിന്റ വാഹനമെന്ന സങ്കൽപ്പത്തിൽ അധിഷ്ഠിതമായി ഗരുഡൻ ശക്തിയുടെയും ധർമ്മത്തിന്റ പ്രതീകമാണ്. ഇന്തോനേഷ്യ ഉൾപ്പടെ പല രാജ്യങ്ങളുടെയും ചിഹ്നമായ ഗരുഡന്റെ ബിംബം പാർലമെന്റ് മന്ദിരത്തിന്റെ കിഴക്കെ കവാടത്തിന് സമീപമാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തെ പ്രതീകവത്കരിച്ചുള്ള മകരശിൽപങ്ങളാണ് നാലാം കവാടത്തിൽ സ്ഥാപിച്ചിട്ടുള്ളത്. വാതിൽപ്പടിയിലെ മകരശിൽപത്തെ പാർലമെന്റിന്റെ സംരക്ഷിക്കുന്ന പ്രതീകമായി കണക്കാക്കുന്നു. പഴയ മന്ദിരത്തിന്റെ കവാടത്തിന് അഭിമുഖമായാണ് മകര ശിൽപ്പത്തെ സ്ഥാപിച്ചിരിക്കുന്നത്.

അഞ്ചാമത്തെ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്നത് ശാർദൂലമാണ്. സിംഹത്തിന്റ ശരീരവും കുതിരയുടെയോ ആനയുടെയോ തത്തയുടെയോ തലയും അടങ്ങിയതാണ് ശാർദൂല ബിംബം. ഭാരതത്തിലെ ജനങ്ങളുടെ ശക്തിയാണ് ശാർദൂലം പ്രതീകവത്കരിക്കുന്നത്.

പാർലമെന്റിന്റെ ആറാമത്തെ കവാടത്തിൽ ഹംസത്തിനാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. അറിവിന്റെ ദേവതയായ സരസ്വതി ദേവിയുടെ വാഹനമാണ് ഹംസം. ഇത് മോക്ഷത്തിന്റെ പ്രതീകമാണ്.

Share
Leave a Comment