ലക്‌നൗ: നാരി ശക്തി വന്ദൻ നിയമം വിപ്ലവകരമായ ചുവടുവെപ്പെന്ന് മുഖ്യമന്ത്രി യോഗി ആതിദ്യനാഥ്. ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ ഇന്നലെ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ പുതിയ വനിതാ സംവരണ ബിൽ അവതരിപ്പിച്ചിരുന്നു. ഈ പുതിയ മാറ്റത്തെ അഭിനന്ദിച്ചാണ് യോഗി ആദിത്യനാഥ് എക്‌സിൽ കുറിച്ചത്.
‘ ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തിൽ ഞാൻ അഭിമാനിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ അവതരിപ്പിച്ച നാരി ശക്തി വന്ദൻ നിയമം വിപ്ലവകരമായ ഒരു ചുവടുവെപ്പാണ്. സ്ത്രീശാക്തീകരണത്തിലേക്കുള്ള ഒരു കാൽവെപ്പാണിത്. എല്ലാ മാതൃശക്തികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ’ – യോഗി ആദിത്യനാഥ് എക്‌സിൽ കുറിച്ചു.
ഈ മാറ്റങ്ങൾ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിക്കും. അർഹതപ്പെട്ടവരുടെ അവകാശങ്ങൾ ഇതിലൂടെ സംരക്ഷിക്കപ്പെടട്ടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി, അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ പാർലമെന്റിൽ ഒത്തുചേർന്ന ലോക്‌സഭയിൽ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്. 128-ാം ഭരണഘടനാ ഭേദഗതിയായാണ് ബിൽ അവതരിപ്പിച്ചത്. പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്നതാണ് ബിൽ.
















Comments