ചെന്നൈ: കേരളത്തിന്റെ രണ്ടാം വന്ദേഭാരത് സെപ്റ്റംബർ 24-ന് ഉദ്ഘാടനം ചെയ്യും. കാസർകോട് – തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴിയാകും സർവീസ്. വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമവുമായിട്ടുണ്ട്. രാവിലെ ഏഴുമണിക്ക് കാസർകോട് നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിൻ വൈകിട്ട് 3.05-ന് തിരുവനന്തപുരത്ത് എത്തും. വൈകീട്ട് 4.05-നാണ് മടക്കയാത്ര. രാത്രി 11.55-ന് കാസര്‍കോട് യാത്ര അവസാനിപ്പിക്കും.
യാത്രാ സർവീസ് 26ന് ആരംഭിക്കും. ഉദ്ഘാടനദിവസം ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രയ്‌ക്കുള്ള അവസരം ഉണ്ടാകില്ല. ആദ്യ വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് ദിനത്തിലെ സർവീസിനു സമാനമായ തരത്തിൽ ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെടെ ഉള്ളവരുടെ യാത്രയാകും.
കേരളത്തിന് ആദ്യം അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍, പുതുതായി അനുവദിച്ച ട്രെയിന്‍ ആലപ്പുഴ വഴിയായിരിക്കും സർവ്വീസ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ലഭ്യതക്കുറവുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ കൊച്ചുവേളി വരെയായിരിക്കും സര്‍വീസ്.
കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എട്ടു മണിക്കൂറാണ് കാസര്‍കോട്- തിരുവനന്തപുരം യാത്രയ്‌ക്ക് എടുക്കുന്ന സമയം. 7.55 മണിക്കൂറാണ് തിരിച്ചുള്ള സര്‍വീസിന്റെ യാത്രാസമയം. ആഴ്ചയില്‍ ആറുദിവസമാണ് സർവ്വീസ് ഉണ്ടാകുക.
24നു മൻകി ബാത്ത് പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് വിവിധ റൂട്ടുകളിലായി 9 വന്ദേ ഭാരത് സർവീസുകൾ വീഡിയോ കോൺഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഇതിനൊപ്പമാണ് കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിനും ഫ്ലാഗ് ഓഫ് ചെയ്യുക. ഇതുകൂടാതെ മറ്റു രണ്ടു വന്ദേഭാരത് സര്‍വീസുകള്‍ കൂടി ദക്ഷിണ റെയില്‍വേയ്‌ക്ക് അനുവദിച്ചിട്ടുണ്ട്. ചെന്നൈ സെന്‍ട്രല്‍- വിജയവാഡ, ചെന്നൈ എഗ്മോര്‍- തിരുനല്‍വേലി സര്‍വീസുകളാണ് മറ്റു രണ്ടെണ്ണം.
















Comments