കോഴിക്കോട്: മുജാഹിദുകളും ജമാഅത്തെ ഇസ്ലാമികളും മുസ്ലീങ്ങളല്ലെന്ന് കാന്തപുരം എ പി അബൂബക്കർ മുസലിയാർ . കഴിഞ്ഞ ദിവസം മലപ്പുറം കുണ്ടൂരിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് കാന്തപുരം മുജാഹിദുകളെയും ജമാഅത്തെ ഇസ്ലാമികളെയും തള്ളിപ്പറഞ്ഞത് .
പ്രവാചകൻ സാധാരണ മനുഷ്യനാണെന്നാണ് മുജാഹിദും, ജമാഅത്തെ ഇസ്ലാമിയും പറയുന്നത് . മുഹമ്മദ് നബിയുടെ മൃതദേഹം ഖബറടക്കിയ ശേഷം ജീർണിച്ചുവെന്ന് വിശ്വസിക്കുന്നതിനാൽ മുജാഹിദിനെയും ജമാഅത്തിനെയും മുസ്ലീങ്ങളായി കണക്കാക്കാനാവില്ല . ഇങ്ങനെ വിശ്വസിക്കുന്നവരെ മുസ്ലീങ്ങൾ എന്ന് വിളിക്കാനാകില്ലെന്നും അബൂബക്കർ മുസലിയാർ പറഞ്ഞു.
പ്രവാചകൻ സാധാരണക്കാരനായി ജീവിച്ചിരുന്നുവെന്ന വിശ്വാസമാണ് മുജാഹിദുകൾ കാത്തുസൂക്ഷിക്കുന്നതെന്നും വിയോഗത്തിന് ശേഷം മൃതദേഹം ഖബറടക്കപ്പെട്ടുവെന്നാണ് അവർ പ്രചരിപ്പിക്കുന്നതെന്നും കാന്തപുരം ചൂണ്ടിക്കാട്ടി. മുജാഹിദുകളുടെ അഭിപ്രായത്തിൽ, മൃതദേഹം ദ്രവിച്ച് മറ്റുള്ളവർക്ക് പ്രശ്‌നമുണ്ടാക്കുന്നത് തടയാൻ ഈ ഖബറടക്കം ആവശ്യമായിരുന്നു. മുജാഹിദുകൾ ഈ വിശ്വാസം പുലർത്തുന്നു എന്ന് മാത്രമല്ല, ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസിദ്ധീകരണങ്ങളും സമാനമായ കാഴ്ചപ്പാട് പങ്കിടുന്നുവെന്നും കാന്തപുരം പറഞ്ഞു.
പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത് .മുജാഹിദുകൾ മുസ്ലീങ്ങളല്ലെന്ന നിരുത്തരവാദപരവും മതവിരുദ്ധവുമായ പ്രസ്താവന കാന്തപുരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎസ്എം അടക്കമുള്ള സംഘടനകളും രംഗത്തെത്തി.
Comments