നിപയെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നായിരിക്കും ഈ വിദഗ്ധ സമിതി. രോഗ വ്യാപനത്തിൽ കേന്ദ്രസർക്കാരുമായി ചർച്ച നടത്തി റിപ്പോർട്ടുകൾ കൈമാറിയിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു. കേന്ദ്രം വിശദമായ പഠനങ്ങൾ നടത്തുന്നതിന് മുന്നേ തന്നെ സംസ്ഥാന സർക്കാരിന്റെ ധൃതിപിടിച്ചുള്ള ഇടപെടലിനെ കുറിച്ച് ജനം ടിവി വാർത്ത ചെയ്തിരുന്നു.
3.3% മാത്രം വ്യാപന ശേഷിയും 90-95% വരെ മരണ സാധ്യതയുള്ള നിപ വൈറസ് പടർന്ന് പിടിക്കുന്നതിൽ ആരോഗ്യ വകുപ്പിന് വ്യക്തമായ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തുടർച്ചയായി രണ്ടാം തവണയാണ് സമാനമായ രീതിയിൽ കോഴിക്കോട് നിപ സ്ഥിരീകരിക്കുന്നത്. ഇത് വവ്വാലിൽ നിന്ന് തന്നെയാണ് എന്നാണ് വീണ്ടും ആരോഗ്യവകുപ്പ് ഉറപ്പിച്ചു പറയുന്നത്.
രണ്ടുതവണ കോഴിക്കോട് നിപ സ്ഥിരീകരിച്ചുവെങ്കിലും വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചിട്ടില്ല എന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാൽ മ്യൂട്ടേഷൻ സംഭവിക്കാത്ത വൈറസ് ആവർത്തിച്ച് പടർന്നു പിടിക്കുന്നതിലും കേന്ദ്ര ആരോഗ്യ സംഘത്തിന് ആശങ്കയുണ്ട്.. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ വകുപ്പ് രോഗത്തിന്റെ ഉറവിട മേഖലകളിൽ വിശദമായ പഠനം നടത്താൻ തീരുമാനിച്ചത്. കേന്ദ്രം കാര്യമായി വിഷയങ്ങളിൽ ഇടപെടുന്നു എന്ന് മനസ്സിലാക്കിയതോടെയാണ് സംസ്ഥാനം ധൃതിപ്പെട്ട് നിപയെ കുറിച്ച് പഠിക്കാനായി വിദഗ്ധ സമിതിയെ രൂപീകരിക്കുന്നത്.ഇടപെടുന്നതിന് മുന്നേ തന്നെ നിപാ മേഖലയിൽ വിശദമായ പഠനം നടത്താൻ സമിതി രൂപീകരിക്കുകയാണ് എന്ന് സമ്മതിക്കുകയാണ് സംസ്ഥാന ആരോഗ്യവകുപ്പ്.















