പ്രതീക്ഷയുടെ കിരണങ്ങൾ ചന്ദ്രനിൽ പതിഞ്ഞു. ചന്ദ്രനിൽ സൂര്യൻ ഉദിച്ചതിന് പിന്നാലെ പ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണ് രാജ്യം. 14 ദിവസമായി തണുത്തുറഞ്ഞ പ്രതലത്തിൽ ശാന്തമായി ഉറങ്ങുന്ന പ്രഗ്യാനും വിക്രവും മിഴി തുറക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ശാസ്ത്രലോകം.
ചന്ദ്രനിൽ സൂര്യൻ ഉദിക്കുന്നത് ഏകദേശം 6 ഡിഗ്രിക്കും 9 ഡിഗ്രിക്കും ഇടയിലുള്ള കോണിലാണ്. സൂര്യോദയത്തിന്റെ അവസാനത്തോടെ, അതായത് വരുന്ന 14 ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ കോണളവിൽ വ്യത്യാസം സംഭവിച്ച് 13 ഡിഗ്രി കോണിലെത്തും. ചന്ദ്രയാൻ-3 പേടകത്തിന് 6-9 ഡിഗ്രിക്കിടയിലുള്ള കോണിൽ സൂര്യരശ്മി പതിക്കുമ്പോഴാണ് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാകുകയെന്ന് ഇസ്രോ വ്യക്തമാക്കി. തുടർച്ചയായി ഉപകരണങ്ങൾ പ്രവർത്തിക്കണമെങ്കിൽ നിശ്ചിത കോണിൽ സൂര്യപ്രകാശമേൽക്കണം. ഇതിനായുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകം. ഇന്നോ നാളെയോ ഇത് സംഭവിക്കാമെന്നാണ് ഇസ്രോ വ്യക്തമാക്കുന്നത്.
ലാൻഡറും റോവറും ഒന്നിച്ച് ഉണരുമെന്നും രണ്ടും പ്രവർത്തനക്ഷമമാകുമെന്നും ശാസ്ത്രലോകം കരുതുന്നില്ല. രണ്ടിൽ ഒന്നെങ്കിലും ഉറക്കമുണർന്ന് പ്രവർത്തിച്ചാൽ ഇന്ത്യയുടെ ശാസ്ത്ര മികവ് വീണ്ടും ലോകത്തിന് മുൻപിൽ പ്രകടമാകും. എന്താകും സംഭവിക്കുകയെന്ന് കാത്തിരുന്നു തന്നെ കാണണമെന്നാണ് ഇസ്രോ ശാസ്ത്രജ്ഞർ പറയുന്നത്.
ചന്ദ്രനിലെ സൂര്യോദയവും ചന്ദ്രയാൻ പേടകവും തമ്മിൽ എന്താണ് ബന്ധമെന്ന് ആലോചിക്കുന്നവരാകും പലരും. സൗരോർജ്ജത്തിലാണ് ചന്ദ്രയാൻ-3 പേടകം പ്രവർത്തിക്കുന്നത്. നിർമ്മാണ ഘട്ടത്തിൽ കേവലം ഒരു ചാന്ദ്രദിനം മാത്രമാണ് ദൗത്യത്തിന് ആയുസ് പ്രവചിച്ചിരുന്നത്. ഭൂമിയിലെ 14 ദിനങ്ങളാണ് ഒരു ചാന്ദ്രദിനം. അതുകൊണ്ട് തന്നെ 14 ദിനം അഹോരാത്രം ചന്ദ്രനിൽ നിന്നുള്ള വിവരങ്ങൾ വിക്രവും ലാൻഡറും നൽകി. ഇതിനിടെയിൽ ലാൻസർ സർപ്രൈസ് ആയിട്ട് വീണ്ടും 40 സെന്റിമീറ്റർ ഉയരത്തിൽ പറന്ന് മറ്റൊരിടത്ത് ലാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദ്രനിൽ സൂര്യൻ അസ്തമിച്ചതും ഇരുവരും ഉറക്കത്തിലേക്ക് വഴുതി വീണതും.
ലാൻഡറിന്റെയും റോവറിന്റെയും ആയുസ്സ് വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ ചന്ദ്രനിലെ സൂര്യാസ്തമയത്തേക്കാൾ അൽപ്പം മുമ്പേ എല്ലാ ഉപകരണങ്ങളുടെയും പ്രവർത്തനം നിർത്തി സ്ലീപ്പ് മോഡിലേക്ക് പേടകത്തെ സജ്ജമാക്കിയത്. ഈ സമയം പേടകത്തിസലെ എല്ലാ ബാറ്ററികളും മുഴുവനായി ചാർജ് ചെയ്ത നിലയിലായിരുന്നു. രാത്രിയിലെ കൊടും തണുപ്പിനെ അതിജീവിക്കാൻ കഴിയുന്നത്ര ചൂട് ഉപകരണങ്ങൾ നിലനിർത്തുമെന്ന പ്രതീക്ഷയിലായാണ് ഇത് ചെയ്തത്. സ്ലിപിംഗ് മോഡിലേക്ക് സജ്ജമാക്കിയ പേടകം പിന്നീട് ചന്ദ്രനിലെ മൈനസ് 200 ഡിഗ്രി തണുപ്പിലാണ് കഴിഞ്ഞത്.
14 ദിവസങ്ങൾക്കിപ്പുറം ഇന്നലെ വൈകുന്നേരത്തോടെയാണ് ചന്ദ്രനിൽ സൂര്യൻ ഉദിച്ചത്. വീണ്ടും പരിപൂർണ ആരോഗ്യത്തോടെ ലാൻഡറും റോവറും ഉണർന്നാൽ കുറഞ്ഞത് വരുന്ന 14 ഭൗമദിനങ്ങളെങ്കിലും ഇവ പ്രവർത്തിക്കുമെന്നാണ് വിലയിരുത്തൽ. ശാസ്ത്രീയവിവരങ്ങൾക്കും നിരീക്ഷണങ്ങൾക്കും വൻ മുതൽ കൂട്ടാകും ഇതെന്ന കാര്യത്തിൽ സംശയമില്ല. സർപ്രൈസോട് സർപ്രൈസ് നൽകുന്ന ചന്ദ്രയാൻ-3 വീണ്ടും തകർപ്പൻ സർപ്രൈസുമായി എത്തുമെന്ന് പ്രതീക്ഷയിലാണ് ശാസ്ത്ര സമൂഹം.