കണ്ണൂർ: ഭർതൃവീട്ടിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സച്ചിൻ കോടതിയിൽ കീഴടങ്ങി. തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് സച്ചിൻ കീഴടങ്ങിയത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് പ്രതി കോടതി മുമ്പാകെ കീഴടങ്ങിയത്.
ജൂൺ 12-നാണ് മേഘ(28)യെ കതിരൂരിലെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സച്ചിന്റെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് കാണിച്ച് മേഘയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് സച്ചിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തത്.
പോസ്റ്റ്മോർട്ടത്തിൽ മേഘയുടെ ശരീരത്തിൽ 16 മുറിവുകൾ കണ്ടെത്തിയിരുന്നു. ആദ്യം കതിരൂർ പോലീസും പിന്നീട് തലശ്ശേരി എഎസ്പിയും അന്വേഷിച്ച കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഏപ്രിൽ രണ്ടിനായിരുന്നു സച്ചിന്റെയും മേഘയുടെയും വിവാഹം.