ന്യൂഡൽഹി: ഭാരതത്തിന്റെ ആദ്യ സി-295 ഗതാഗത വിമാനം വഡോദരയിൽ ഇറങ്ങി. ബഹ്റൈനിൽ നിന്ന് പറന്നുയർന്ന വിമാനം ഇന്ന് പുലർച്ചെയാണ് ഗുജറാത്തിലെ വഡോദരയിൽ ഇറക്കിയത്. ഗ്രൂപ്പ് ക്യാപ്റ്റൻ പിഎസ് നേഗിയാണ് വിമാനം പറത്തിയത്.
സെപ്റ്റംബർ 25-ന് ഡൽഹി ഹിന്ദൻ എയർബേസിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിമാനം ഇന്ത്യൻ വ്യോമസേനയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തും. മൊത്തം 56 വിമാനങ്ങളാണ് ഐഎഎഫിൽ ഉൾപ്പെടുത്തുന്നത്. അവയിൽ 40 എണ്ണം ടാറ്റ-എയർബസ് സംയുക്ത സംരംഭത്തിലൂടെ ഇന്ത്യയിൽ നിർമ്മിക്കും.
ഒക്ടോബർ എട്ടിന് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന ഈ വർഷത്തെ എയർഫോഴ്സ് ഡേ പരേഡിൽ സി-295 വിമാനമുണ്ടായിരിക്കും. പ്രതിരോധ നിർമ്മാണ മേഖലയിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിനായി സി-295 വിമാനം സഹായകമാകുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ വ്യോമയാന മേഖലയ്‌ക്ക് ഇത് ഒരു വലിയ ചുവടുവെപ്പാണെന്നും ഞങ്ങൾ രാജ്യത്തെ ആദ്യത്തെ സൈനിക ഗതാഗത വിമാനം നിർമ്മിക്കുമെന്നും എയർ ചീഫ് മാർഷൽ വി ആർ ചൗധരി പറഞ്ഞു. രണ്ടാമത്തെ വിമാനം 2024 മെയ് മാസത്തിൽ പുറത്തിറക്കും. ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കീഴിലുള്ള ആദ്യത്തെ സി-295 ഗതാഗത എയർക്രാഫ്റ്റ് 2026 സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്നും 2031-ൽ സേനയ്‌ക്ക് കൈമാറുമെന്നും വ്യോമസേന അറിയിച്ചു.