തിരൂർ ദിനേശ്
1921 സെപ്തംബർ 25. ഞായറാഴ്ച. തുവ്വൂർ ഗ്രാമം ഉറക്കം വിട്ടുണർന്നിട്ടില്ല. നിദ്രയുടെ ആലസ്യത്തിൽ തക്ബീർ ധ്വനികൾ ആരുടേയും കാതിൽ വന്നലച്ചതുമില്ല.വീടിനു പുറമെ നിന്നും ആരോ ഉച്ചത്തിൽ വിളിക്കുന്നത് കേട്ടാണ് കുമാരപണിക്കർ ഞെട്ടിയുണർന്നത്. ഭാര്യ അമ്മുവും ഉറക്കമുണർന്നു. കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളാണ് കുമാരപണിക്കർ. കുമാരപണിക്കരുടെ വീട്ടിൽ ഉറങ്ങുകയായിരുന്ന ഗോവിന്ദൻ നമ്പ്യാരും ഉറക്കം വിട്ടുണർന്നു. കുമാരപണിക്കരും ഗോവിന്ദൻ നമ്പ്യാരും പിന്നാലെ അമ്മുവും തെല്ലു ഭീതിയോടെ ഉമ്മറത്തേക്ക് ചെന്നു. അച്ചു തൊടി കുഞ്ഞാപ്പിയും അമക്കുണ്ടൻ മമ്മതും മുറ്റത്തു നിൽക്കുന്നു. അമ്പതു പേരടങ്ങുന്ന ഒരു സംഘത്തിന്റെ തലവൻമാരാണിവർ. ഇരുവരും ഖിലാഫത്തിന്റെ സജീവ പ്രവർത്തകരാണ്. ഖിലാഫത്ത് പ്രവർത്തനത്തിന് ആയുധങ്ങൾ സംഭരിക്കുന്നതിന്റെ ഭാഗമായി ഒരു തോക്ക് ചോദിച്ചു കൊണ്ട് വന്നതിനാൽ അമക്കുണ്ടൻ മമ്മതിനെ കുമാര പണിക്കർക്ക് നേരത്തെ പരിചയമുണ്ടായിരുന്നു.ഇന്നിപ്പോൾ മമ്മതിന്റെ പക്കൽ തോക്കുണ്ട്.
വല്ലതും പറയുന്നതിനു മുമ്പ് അമക്കുണ്ടൻ മമ്മത് കുമാരപണിക്കരുടെ കൈകൾ പിറകിലേക്ക് കൂട്ടിക്കെട്ടി. അവർ ഗോവിന്ദൻ നമ്പ്യാരേയും ബന്ധിച്ചു. അക്രമാസക്തരായ ലഹളക്കാരുടെ മുന്നിൽ അമ്മുവിന്റെ അപേക്ഷയും നിലവിളിയും നിഷ്ഫലമായി. വീടിന് തീ കൊടുത്ത ശേഷം അവർ കുമാരപണിക്കരേയും ഗോവിന്ദൻ നമ്പ്യാരേയും പിടിച്ചു വലിച്ചുകൊണ്ടു പോയി. കണ്ണിൽക്കണ്ട ഹിന്ദു വീടുകൾ മുഴുവൻ മാപ്പിളമാർ അഗ്നിക്കിരയാക്കി. പി. നാരായണ പണിക്കർ, വി.നാരായണൻ നായർ ,എൻ.കേശവൻ നായർ തുടങ്ങി വേറേയും ഹിന്ദുക്കളെ അവർ പിടികൂടികൈകൾ പിറകിലേക്ക് പിടിച്ചുകെട്ടി കൊണ്ടുപോയി.
മുവ്വായിരത്തോളം വരുന്ന ലഹളക്കാർ ഹിന്ദു വീടുകൾ തെരഞ്ഞുപിടിച്ച് കൊള്ളയും കൊള്ളിവെപ്പും നടത്തിയ പകലായിരുന്നു അത്. ഹിന്ദുക്കളുടെ കൂട്ട നിലവിളിഎങ്ങും ഉയരുമ്പോൾ തുവ്വൂരിലെ പലർക്കുഴി പറമ്പിലേക്കാണ് കുമാരപണിക്കരേയും സംഘത്തേയും എത്തിച്ചത്. അവിടെ നിരവധി മാപ്പിളമാരുണ്ട്. പ്രദേശത്തെ ലഹളത്തലവൻമാരായ ചെമ്പ്രശ്ശേരി കുഞ്ഞിക്കോയതങ്ങൾ, ഇമ്പിച്ചിക്കോയ തങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അത്.പറമ്പിന്റെ കിഴക്കുഭാഗത്ത് ഒരു പാറയിൻമേലാണ് ചെമ്പ്രശ്ശേരി തങ്ങളുമൊക്കെ ഇരിക്കുന്നത്. അമക്കുണ്ടൻ മമ്മതും അച്ചു തൊടി കുഞ്ഞാപ്പിയും സംഘവും പിടിച്ചുകെട്ടികൊണ്ടുവന്നവരെ ഒരിടത്തേക്ക് മാറ്റിനിർത്തി.ഈ സമയത്ത് പല ഭാഗത്തു നിന്നും ഹിന്ദുക്കളെ പിടികൂടി കൊണ്ടുവന്നു കൊണ്ടിരുന്നു.ആദ്യം കുമാരപണിക്കരെയാണ് ഹാജരാക്കിയത്. “പട്ടാളത്തിന് സഹായംചെയ്തിട്ടുണ്ടോ?” എന്നാണ് ചെമ്പ്രശ്ശേരിതങ്ങൾ ചോദിച്ചത്. തുടർന്ന് കുമാര പണിക്കരെ വധിക്കാൻ ചെമ്പ്രശ്ശേരി തങ്ങൾ ഉത്തരവിടുകയും ചെയ്തു.
ഇതേ പറമ്പിൽത്തന്നെ ഒരു കിണറുണ്ട്. കുമാരപണിക്കരെ കിണറ്റു വക്കിലേക്ക് കൊണ്ടുവന്നു. നിന്നിടത്തു നിന്നും അനങ്ങാൻ പോലുമാവാതെ ഭയചകിതനായി കരഞ്ഞു നിന്ന കുമാരപണിക്കരുടെ നിറുകയിൽ ഈർച്ചവാൾ വെച്ച് ആമക്കുണ്ടൻ മമ്മത് ഈരാൻ തുടങ്ങി. പിന്നെ കഴുത്തു വെട്ടികിണറ്റിലേക്ക് തള്ളി.
മാപ്പിള ലഹളക്കാലത്ത് ഹിന്ദുക്കളുടെ തല വെട്ടിയിട്ട കുപ്രസിദ്ധതുവ്വൂർ കിണറ്റിൽ അതിക്രൂരമായി ആദ്യം കൊന്നു തള്ളിയത് ഹെഡ് കോൺസ്റ്റബിൾ കുമാരപിള്ളയെ ആണ്. തുവ്വൂർ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അച്ചു തൊടി കുഞ്ഞാപ്പി പ്രതിയായ എസ്.ജെ.സി. 182/1922 നമ്പർ കേസിൽകോഴിക്കോട് സ്പെഷൽ ജഡ്ജിപക്കെൻ ഹാം വാൽഷ് പുറപ്പെടുവിച്ച വിധിന്യായത്തിൽ ഈ സംഭവം പ്രത്യേകമായിത്തന്നെ പരാമർശിച്ചിട്ടുണ്ട്.
ആര്യസമാജത്തിന്റെ മിഷണറിയായ പണ്ഡിറ്റ് ഋഷിറാം തുവ്വൂർ കിണറ്റിൽ 30 തലയോട്ടികൾ എണ്ണി.അതിൽ ഒരു തലയോട്ടി അറക്കവാൾ വച്ച് ഈർന്ന നിലയിലാണ് കണ്ടതെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഈതലയോട്ടികുമാരപണിക്കരുടേതാണ്.തുവ്വൂർ കിണറ്റിൽ ഇരുപത് തലകൾ താൻ എണ്ണിയതായി കെ.മാധവൻ നായർ മലബാർ കലാപം എന്ന തന്റെ ഗ്രന്ഥത്തിലും രേഖപ്പെടുത്തിയിരിക്കുന്നു.
കുമാരപണിക്കരെ വധിച്ച ശേഷം രണ്ടാമതായി ചെമ്പ്രശ്ശേരി തങ്ങളുടെ മുമ്പാകെ ഹാജരാക്കിയത് തുവ്വൂരിലെ വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിൽ ശാന്തി ചെയ്ത് ഉപജീവനം നടത്തുന്ന ഒരു എമ്പ്രാന്തിരിയെയാണ്. മൂർത്തിയെന്നാണ് അദ്ദേഹത്തിന്റെ പേര്.പട്ടാളത്തിന് സഹായം ചെയ്തുകൊടുത്തു എന്ന കുറ്റമാരോപിച്ച് ആ സാധു ബ്രാഹ്മണനേയും വെട്ടിക്കൊല്ലാൻ ചെമ്പ്രശ്ശേരി തങ്ങൾ ആജ്ഞാപിച്ചു. എന്നാൽ ഇയാളെ ചെമ്പ്രശ്ശേരി കുഞ്ഞിക്കോയതങ്ങൾ തന്നെ ശിരച്ഛേദംനടത്തണമെന്ന് ആമക്കുണ്ടൻ മമ്മത് ആവശ്യപ്പെട്ടു. അതിന് അവരെ സംബന്ധിച്ചിടത്തോളം മതിയായ കരണമുണ്ടായിരുന്നു. മൂർത്തി എമ്പ്രാന്തിരിപൂണൂൽ ധാരിയാണ്. അതനുസരിച്ച് മൂർത്തി എമ്പ്രാന്തിരിയുടെ കഴുത്ത് വെട്ടി കിണറ്റിൽ തള്ളിയത് ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങളാണ്. 36 ഹിന്ദുക്കളെയാണ് ഇസ്ലാമിക ശിക്ഷാരീതി പ്രകാരം തുവ്വൂർ കിണറ്റിൽ തല വെട്ടിയിട്ടത്.കുമാരപണിക്കരേയും മൂർത്തി എമ്പ്രാന്തിരിയേയും വെട്ടിക്കൊന്ന് കിണറ്റിലിട്ടതിന് ദൃക്സാക്ഷികളായിരുന്നു പി.നാരാ
യണപണിക്കരും, വി.നാരായണൻ നായരും, എൻ. കേശവൻ നായരും.ഇസ്ലാം മതം സ്വീകരിക്കാത്ത എല്ലാഹിന്ദുക്കളേയും കൊല്ലണമെന്ന് വാരിയംകുന്നൻ കുഞ്ഞഹമ്മത് ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും തീരുമാനിച്ചതായി ഗവർമ്മേണ്ടിന് റിപ്പോർട്ടുകൾ കിട്ടിയ അതേ അവസരത്തിൽ തന്നെയാണ് തുവ്വൂരിലെ കൂട്ടക്കൊലയും നടന്നത്.
കുമാരപ്പണിക്കരോടൊപ്പം മാപ്പിളമാർ പിടികൂടിയ നാരായണ പണിക്കരും നാരായണൻ നായരും കേശവൻ നായരുംതന്ത്രപരമായാണ് മരണത്തിൽ നിന്നുംരക്ഷപ്പെട്ടത്. സഹോദരനെ പിടിക്കാൻ സഹായിക്കാമെന്നും 100 രൂപ നൽകാമെന്നും വാഗ്ദാനം ചെയ്താണ് പുവ്വഞ്ചേരി
നാരായണൻ രക്ഷപ്പെട്ടത്. നാരായണൻനായരാകട്ടെ , വീട്ടിലെ ആഭരണങ്ങൾ ലഹളക്കാർക്ക് കാഴ്ചവെച്ചതിനാൽ രക്ഷപ്പെട്ടു.കേശവൻ നായരും തന്റെ സഹോദരനെ പിടികൂടാൻ സഹായിക്കാമെന്നുപറഞ്ഞ് മരണത്തിൽ നിന്നും രക്ഷ നേടി.തുവ്വൂരിലെ മരണക്കിണറിൽ നിന്നുംരക്ഷപ്പെട്ട മറ്റു രണ്ടു പേരാണ് കോഴിക്കോട് കാരപറമ്പിലെ കരുശ്ശേരിയിലുളള മീത്തൽ വീട്ടിൽ താമുവും കിളിക്കുന്നുമ്മൽചാമിയും.തുവ്വൂർ കിണറ്റിലെകൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അച്ചുതൊടി കുഞ്ഞാപ്പി പ്രതിയായ കേസിൽ ഒന്നാംസാക്ഷി കുമാരപണിക്കരുടെ ഭാര്യ അമ്മുവും രണ്ട് ,മൂന്ന്, നാല് സാക്ഷികൾകുമാരപണിക്കരോടൊപ്പം പിടികൂടുകയും പിന്നീട് തന്ത്രപരമായി രക്ഷപ്പെട്ട മേൽപ്പറഞ്ഞവരുമാണ്.ഇതേകേസിലെ വിധിന്യായത്തിൽ വധശിക്ഷയ്‌ക്ക് വിധിച്ചവരുടെ തല വെട്ടാൻ ലഹളക്കാർ മത്സരിച്ചിരുന്നുവെന്ന പരാമർശവുമുണ്ട്.
തുവ്വൂർ കൂട്ടക്കൊലയ്‌ക്ക് ആധാരമായി പറയുന്നത് അവിടെ ക്യാമ്പ് ചെയ്തിരുന്ന പട്ടാളത്തിന് ഹിന്ദുക്കൾ സഹായം നൽകിയതിന്റെ പകയാണെന്നാണ്. പട്ടാളം ക്യാമ്പ് ചെയ്തിരുന്ന സമയത്ത് നിരവധി മാപ്പിള വീടുകൾ പട്ടാളക്കാർ അഗ്നിക്കിരയാക്കിയെന്നും ഇതോടെ മാപ്പിളമാർക്ക് ഹിന്ദുക്കളോട് തോന്നിയ വൈരാഗ്യം തുവ്വൂർ കൂട്ടക്കൊലയ്‌ക്ക് ഇടയാക്കിയെന്നുമാണ് മാധവൻനായരുടെ നിരീക്ഷണം. ഇതെല്ലാം കാരണമായി കാണാമെങ്കിലും ആത്യന്തിക ലക്ഷ്യം കൊള്ളയും കൊള്ളിവെപ്പും വ്യാപക മതപരിവർത്തനവുമാണ്. തുവ്വൂർ കൂട്ടക്കൊലയ്‌ക്ക് നേതൃത്വം നൽകിയത് ചെമ്പ്രശ്ശേരി കുഞ്ഞിക്കോയതങ്ങളാണെന്ന വാദത്തെ മാധവൻ നായർ സംശയിക്കുന്നുണ്ട്. ചെമ്പ്രശ്ശേരിയിൽ രണ്ടു തങ്ങൻമാരുണ്ട്. കുഞ്ഞിക്കോയ തങ്ങളും ഇമ്പിച്ചിതങ്ങളും. ഇമ്പിച്ചി തങ്ങൾ സ്വതവേ അക്രമ പ്രവർത്തനം നടത്തിയിരുന്ന ആളായതിനാലും തുവ്വൂരിൽ നിന്നും ഓടി രക്ഷപ്പെട്ടവരുടെ മൊഴികളാലും തുവ്വൂർ കൂട്ടക്കൊലക്ക് നേതൃത്വം നൽകിയത് ചെമ്പ്രശ്ശേരി ഇമ്പിച്ചി തങ്ങളായിരിക്കാമെന്നാണ് മാധവൻ നായരുടെ നിഗമനം.
തുവ്വൂരിൽ ആഗസ്ത് 22 ന് കൊള്ളയും കൊള്ളിവെപ്പുംനടന്നപ്പോൾത്തന്നെ നൂറുകണക്കിന് ഹിന്ദുക്കൾ ജീവരക്ഷാർത്ഥം പലായനം ചെയ്തിരുന്നു. ആദ്യത്തെ അക്രമ സമയത്ത് ജീവനും കൊണ്ട് ഓടിയൊളിച്ചവരിൽ തുവ്വൂർ അംശം അധികാരി പൂവഞ്ചേരി വെളുത്തേടത്ത് ശങ്കരനും ഉൾപ്പെടും. തുവ്വൂർ സംഭവങ്ങളെ കുറിച്ച് കോഴിക്കോട്ട് നിന്നും ശങ്കരൻ 1921 ഡിസംബർ 2 ന് ഒരു സങ്കടഹരജി സമർപ്പിച്ചിരുന്നു. ആഗസ്ത് 22 ന് കരുവാരക്കുണ്ട് ,തുവ്വൂർ പ്രദേശങ്ങളിൽ നിന്നായി എത്തിയമൂന്നൂറിൽപ്പരം ലഹളക്കാർ സർക്കാർ ആപ്പീസുകൾ അഗ്നിക്കിരയാക്കുകയുംവീടുകൾ കൊള്ളയടിച്ച് തീവെക്കുകയുംചെയ്തു. അത്രയും എഴുതിയ ശങ്കരന്റെഹരജിയിലെ തുടർന്നുള്ള വിവരങ്ങൾ താഴെ ചേർക്കുന്നു –
“… ഞാൻ അന്നു മുതൽ 21 ദിവസം കാട്ടിലും മൺ കുഴികളിലും ഒളിച്ചു കഴിഞ്ഞു.2021 സെപ്തംബർ 11 ന് പട്ടാളം അംശത്തിൽ വന്നപ്പോൾ പട്ടാളത്തിന്റെ കൂടെചേർന്ന് ജീവൻ രക്ഷിച്ചു. 25 ന് ഞായറാഴ്ച പുലർച്ചെ വളരെയധികം മാപ്പിളമാർ വന്ന് വീടുകൊള്ളയടിച്ചു.പിന്നെ തീവെട്ടു. ആ പ്രദേശത്തുള്ള മിക്ക വീടുകളും കൊള്ളചെയ്ത് അഗ്നിക്കിരയാക്കി .കയ്യിൽ കിട്ടിയ ആണുങ്ങളെ പിടിച്ച് പിൻ കെട്ടുകെട്ടി കൊണ്ടുപോയി. ഒരേ പ്രാവശ്യം ചിലരെ തോൽ കിഴിച്ചു. ചിലരെ അടിയിൽ നിന്നും മുടിയോളം വെട്ടിയും ചിലരെ വെട്ടിപകുതിയാക്കിയും ഒരു കിണറ്റിൽ തള്ളി. രണ്ടാളെ വഴിയിൽ വെട്ടി കൊലപ്പെടുത്തി. പത്തു മാസമായി രോഗം ബാധിച്ച് ശയ്യാവലംബിയായ 80 വയസ്സായ ഒരു നായരെ വെട്ടി കൊലപ്പെടുത്തി.ആകെ 36 ആളെ കിണറ്റിൽ വെട്ടിതള്ളികൊലപ്പെടുത്തി. ഇതിൽ മൂന്ന് പേർ എമ്പ്രാന്തിരിമാരാണ്. രാജാവ് അവർകൾ വക തുവ്വൂർ ക്ഷേത്രത്തിലും പുത്തൂർ വേട്ടക്കൊരുമകൻ കാവിലും കൈക്കാട്ടിരി ക്ഷേത്രത്തിലും ശാന്തിക്കാരായ എമ്പ്രാന്തിരിമാരാണ് അവർ. ഈ ക്ഷേത്രങ്ങളിൽ കടന്ന് ബിംബം മുതലായവ വെട്ടി മുറിച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു.”
മഴച്ചാറ്റലുള്ള ദിവസമാണ്തുവ്വൂർ കിണറ്റിൽ ഹിന്ദുക്കളെ കൂട്ട നടന്നത്.വെട്ടേറ്റ് പകുതി ജീവനായി രക്ഷപ്പെടാൻ കഴിയാതെയുള്ള നിലവിളി മൂന്നാമത്തെ ദിവസവും കേൾക്കാമായിരുന്നുവെന്നും പിന്നീട് വെളിപ്പെടലുണ്ടായി. 1921 ആഗസ്ത് 21 ന് അഞ്ഞൂറോളം വരുന്ന ലഹളക്കാർ കരുവാരക്കുണ്ട് പോലീ സ് സ്റ്റേഷൻ അക്രമിച്ചു.പിറ്റേ ദിവസമാണ് മാപ്പിളമാർ ഹിന്ദുക്കളെ അക്രമിച്ചത്. ഇതിനെത്തുടർന്ന് സെപ്തംബർ 11 ന് തുവ്വൂരിൽ പട്ടാള ക്യാമ്പ് തുടങ്ങി. സെപ്തംബർ 24 ന് പട്ടാളം തിരിച്ചു പോവുകയും ചെയ്തു. പട്ടാളംപോയ തക്കത്തിലാണ് ഇരുപത്തഞ്ചാംതിയ്യതി തുവ്വൂരിൽ ഹിന്ദു കൂട്ടക്കൊലഅരങ്ങേറിയത്.
1994 മാർച്ച് മാസത്തിൽ തുവ്വൂർ കിണർ നേരിട്ടു കണ്ടിട്ടുണ്ട്.ഒരു റബ്ബർ എസ്റ്റേറ്റിലാണ് പ്രസ്തുത കിണർ ഉണ്ടായിരുന്നത്. വൃത്താകൃതിയിലുള്ള കിണർ ചെങ്കൽ പാറ വെട്ടി ഇറക്കിയതാന്ന്. മുകളിൽ കല്ലുകൊണ്ട് ആൾമറ കെട്ടിയിരുന്നു. മാപ്പിള ലഹളക്കാലത്തെ ഈ മരണക്കിണർ ഇല്ലായ്മ ചെയ്യാനുള്ള നീക്കംതുടങ്ങിയതും അക്കാലത്താണ്. ഏതോകെട്ടിടം പൊളിച്ചതിന്റെ വേസ്റ്റുകൾ കിണറിൽ ഇട്ട് മൂടിയിരുന്നു. നാലോ അഞ്ചോഅടി കൂടി മാത്രമേ നികത്താൻ ബാക്കിഉണ്ടായിരുന്നുള്ളു. പിൽക്കാലത്ത് കിണർ നിശ്ശേഷം ഇല്ലായ്മ ചെയ്തു.
തുവ്വൂർ കിണർ സ്ഥിതി ചെയ്തിരുന്ന ഭൂമിയുടെ ശരിയായ പേര് “കൂളിക്കാവ് മലപറമ്പ് എന്ന നാനു പൊയിലു പറമ്പ് ” എന്നാണ്. കൂളിക്കാവ് എന്ന സ്ഥലപ്പേര് പഴയ കാലത്ത് ഇവിടെ ഒരു സർപ്പക്കാവ് ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. കിണർ ഈ നിഗമനത്തെ ബലപ്പെടുത്തുന്നതാണ്. നിലമ്പൂർ താലൂക്കിൽ തുവ്വൂർവില്ലേജിൽ റീ.സ.151 ൽ 94 എന്ന സർവ്വെ നമ്പറിൽ 0.0566 ഹെക്ടർ ( അമ്പത്താറര സെൻ്റ്) വിസ്തൃതിയാണ് തുവ്വൂർ കിണർ ഭൂമിക്കുള്ളത്. പഴയ കാലത്ത് സാമൂതിരി കോവിലകത്തേക്ക് അവകാശപ്പെട്ട ഭൂമിയാണ്.തുവ്വൂർ കിണറ്റിൽ കൂട്ടക്കൊല നടക്കുന്ന കാലത്ത് ഈ ഭൂമി ‘ പുന്നക്കുന്നത്ത് പൂങ്കുഴി ‘ എന്ന മുസ്ലീം തറവാട്ടുകാരുടെ കൈവശത്തിലായിരുന്നു. വേറേയും ധാരാളം ഭൂമിയുള്ള ഈ കുടുംബത്തിന് കൂളിക്കാവ് മലപറമ്പ് സാമൂതിരിയിൽ നിന്നും വെറുമ്പാട്ടം ചാർത്തിക്കിട്ടിയതാണെന്ന് പിൽക്കാല രേഖകളിൽ കാണുന്നു. (Document No: വണ്ടൂർ സ.റ.1493/1927,മേലാറ്റൂർ സ.റ: 1630/1973,3149/1990, 3552/1990,5143/2009, 2103/2016). കിണർ സ്ഥിതിചെയ്യുന്ന ഭൂമിയെ സംബന്ധിച്ചുള്ള ആദ്യരേഖ വണ്ടൂർ സബ് റജിസ്ത്രാർ ആപ്പീസിലെ 1927 ൽ 1493 നമ്പർ ആധാരമാണ്. ഇതനുസരിച്ച് പുന്നക്കുന്നത്ത് പൂങ്കുഴി അഹമ്മതിന്റെ കൈവശമായിരുന്നു. പിന്നീട് ഈ ഭൂമി അടക്കമുള്ള സ്വത്തുക്കൾ ഭാഗിക്കാൻ കോഴിക്കോട് സബ് കോടതിയിൽ O.S.131/1949 നമ്പരായി ഒരുകേസു വന്നു. ഈ കേസിൽ തുവ്വൂർ കിണർഭൂമി വേറെ വസ്തുക്കളോടെ അഹമ്മതിന്റെ ഓഹരിക്ക് തന്നെ ലഭിച്ചു. അതിനു ശേഷം അഹമ്മതിന്റെ മകൾ ഇയ്യാത്തുട്ടി ഉമ്മയ്‌ക്കാണ് ഭൂമി ലഭിച്ചത്.തുവ്വൂർ കിണർ ഭൂമിക്ക് ഇയ്യാത്തുട്ടി ഉമ്മ പട്ടയം വാങ്ങിയത് 1985 ലാണ് (വണ്ടൂർ ലാൻ്റ് ട്രൈബ്യുണൽ താസിൽദാരുടെ സ്വമേധയാ നടപടി.ഹരജി നമ്പർ എസ്.എം .269/1985).
അതിനിടയിൽ ഏറനാട് താലൂക്ക് ലാൻ്റ് ബോർഡിലെ സി.ആർ.1973 ൽ 189 നമ്പർ മിച്ചഭൂമിക്കേസിൽ തുവ്വൂർ കിണർ ഭൂമി ഉൾപ്പെട്ടെങ്കിലും ലാൻ്റ് ബോർഡ് മിച്ച ഭൂമിക്കേസിൽ നിന്നും ഈ ഭൂമി ഒഴിവാക്കി.തുടർന്ന് 1990 ൽ ഇയ്യാത്തുട്ടി ഉമ്മ മകൾ ആനപ്പട്ടത്ത് ആമിനക്ക് ഈ ഭൂമി അടക്കമുള്ള ഭൂമി റജിസ്റ്റർ ചെയ്തുനൽകി. ആമിനയാകട്ടെ തുവ്വൂർ കിണർ ഭൂമി അച്ചു തൊടിസെയ്തലവി, നെച്ചിക്കാടൻ അബ്ദുറഹിമാൻ എന്നിവർക്കു നൽകി. അച്ചു തൊടിസെയ്തലവിയുടേയും തുവ്വൂർ കിണറ്റിൽ കുമാരപണിക്കരുടെ തല അറക്കവാൾ ഉപയോഗിച്ച് ഈർന്നുകൊലപ്പെടുത്തിയതിന് കോടതി വധശിക്ഷയ്‌ക്ക് വിധിച്ച അച്ചുതൊടി കുഞ്ഞാപ്പിയുടേയും വീട്ടുപേര് ഒന്നാണ്. അതിനു ശേഷം ഇവരിൽ നിന്നുംഈ ഭൂമി 2009 ൽ തുവ്വൂരിലെ വഴങ്ങാട്ട് പുത്തൻപുരയിൽ ഷിനു തോമസ് വിലയ്‌ക്ക് വാങ്ങി. അതിൽപ്പിന്നെ തുവ്വൂർ കിണർ ഭൂമി ഷിനു തോമസ്സിൽ നിന്നും വാങ്ങിയ പ്രകാരം കാളിക്കാവ്തൃക്കുന്നശ്ശേരി ദേശത്ത് അഞ്ചച്ചവിടിയിലുള്ള കുളമഠത്തിൽ മുഹമ്മദലിയുടെ ഉടമസ്ഥതയിലാണ്. 2016ൽ 2103 നമ്പർആധാര പ്രകാരമാണ് ഷിനു തോമസിൽനിന്നും മുഹമ്മദലി വാങ്ങിയത്.
36 ജീവനുകൾ രക്തം വാർന്ന് പിടഞ്ഞു മരിച്ച കിണർ ഇന്ന് കാണാനാവില്ലെങ്കിലും കൂട്ട അപമൃത്യു നടന്ന പറമ്പിന്റെ വശങ്ങളിലൂടെ നടന്നു പോകുമ്പോൾ നിലവിളി ഉയരുന്നതായിതോന്നുമെന്ന് പറയുന്നവർ ഇന്നുമുണ്ട്. നൂറ്റാണ്ടുകൾ എത്ര പിന്നിട്ടാലും തുവ്വൂർ കിണറിൽ പിടഞ്ഞു മരിച്ച ഹിന്ദുക്കളുടെ നിലവിളി കൂളിക്കാവ് മലപറമ്പിൽ ഉയർന്നു കൊണ്ടേയിരിക്കും എന്നാണ് കൂട്ടക്കുരുതിയെ നൂറ്റാണ്ടു തികയുമ്പോഴും വിസ്മൃതിയിലാഴ്‌ത്താൻ കഴിയാത്തവർ പറയുന്നത്.
എഴുതിയത്
തിരൂർ ദിനേശ്















