മമ്മൂട്ടി എന്ന നടന്റെ സിനിമാ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലെ ഒന്നായിരുന്നു ബിഗ് ബി. ചിത്രം പോലെ തന്നെ ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിലീസ് ചെയ്ത സമയത്ത് പരാജയം നേരിട്ട സിനിമ പക്ഷേ വർഷങ്ങൾക്കിപ്പുറം ആഘോഷിക്കപ്പെട്ടു എന്നതാണ് വസ്തുത. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നെന്ന വാർത്തകൾ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. 2007ൽ അമൽ നീരദിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ അതിന് ഉത്തരം മമ്മൂട്ടി തന്നെ നൽകുകയാണ്.
അപ്ഡേറ്റ് വരുമ്പോള്‍ വരും എന്നാണ് അദ്ദേഹം പറഞ്ഞത്. അതങ്ങനെ നമുക്ക് വരുത്താന്‍ ഒക്കില്ലെന്നും വരുമ്പോള്‍ വരും എന്നുമാണ് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡിന്‍റെ പ്രൊമോഷണല്‍ അഭിമുഖത്തിലും ഈ ചോദ്യം മമ്മൂട്ടിയെ തേടിയെത്തിയതോടെയാണ് താരം മറുപടി നൽകിയത്.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ…. “ഞാന്‍ രാവിലെ ബിലാലുമായിട്ട് അങ്ങ് ഇറങ്ങിയാല്‍ പോരല്ലോ. അതിന്റെ പിറകില്‍ ആള്‍ക്കാര്‍ വേണം. അവര്‍ സന്നാഹങ്ങളൊക്കെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. കമിംഗ് സൂണ്‍ ആണോ എന്ന് ഞാന്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. നമ്മള്‍ പിടിച്ചുവലിച്ചാല്‍ വരില്ല സിനിമ. അമല്‍ നീരദ് തന്നെ വിചാരിക്കണം”, മമ്മൂട്ടി പറഞ്ഞു.
നേരത്തെ ബിഗ് ബി രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ അമൽ നീരദ് പങ്കുവച്ച പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ടൈറ്റിൽ ഗ്രാഫിക്‌സാണ് സംവിധായകൻ പുറത്തുവിട്ടത്. ഇതിൽ ‘ബിലാൽ, ആൻ അമൽ നീരദ് ഫിലിം’ എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ബിലാൽ ഉടൻ തന്നെ ഉണ്ടാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിച്ചത്. എന്നാൽ കൊവിഡ് പശ്ചാത്തലമാണ് ബിലാലിന്‍റെ വരവ് നീട്ടിയതെന്നാണ് വ്യക്തമാകുന്നത്. വിദേശ ലൊക്കേഷനുകളും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളും വലിയ കാന്‍വാസുമൊക്കെയുള്ള ഈ ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ നീളുകയായിരുന്നു. പകരമാണ് ആ ഇടവേളയില്‍ ഭീഷ്‍മ പര്‍വ്വം എന്ന മമ്മൂട്ടി ചിത്രം എത്തിയത്.















