ഹൈദരാബാദ് : മാവോയിസ്റ്റ് ഭീകര ബന്ധമുള്ള ഏഴ് മലയാളികൾക്കെതിരെ തെലങ്കാന പൊലീസ് യു.എ.പി.എ കേസ് ചുമത്തി. മലബാർ ജേർണൽ എഡിറ്റർ എറണാകുളം സ്വദേശി കെ പി സേതുനാഥ് ഉൾപ്പെടെ ഏഴ് മലയാളികളെ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ് നേതാവ് കെ. മുരളി (അജിത്ത്), സി.പി. റഷീദ്, സി.പി. ഇസ്മായിൽ, സി.പി. മൊയ്തീൻ (മലപ്പുറം), പ്രദീപ്, വർഗീസ് എന്നിവരാണ് പ്രതിപ്പട്ടികയിലുളള മലയാളികൾ.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) നേതാവ് സഞ്ജയ് ദീപക് റാവുവിനെ 2023 സെപ്തംബർ 15 ന് ഹൈദരാബാദിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തെലങ്കാന ഇൻറലിജൻസ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെ കുക്കട്ട്പള്ളിയിലെ മലേഷ്യൻ ടൗൺഷിപ്പിന് സമീപത്ത് നിന്നാണ് സിപിഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗമായ സഞ്ജയ് ദീപക് റാവുവിനെ അറസ്റ്റ് ചെയ്തത്. ഇയാൾ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള മാവോയിസ്റ്റാണ്. ഇയാളുടെ കയ്യിൽ നിന്ന് ആറ് വെടിയുണ്ടകളുള്ള ഒരു റിവോൾവർ, ഒരു ലാപ്‌ടോപ്പ്, മറ്റ് സാധനങ്ങൾ എന്നിവയും 47,250 രൂപയും കണ്ടെടുത്തു.
തെലങ്കാന ഇന്റലിജൻസ് വളരെക്കാലമായി ഇയാളെ നിരീക്ഷിക്കുന്നുണ്ടെന്ന് സംസ്ഥാന ഡിജിപി അഞ്ജനി കുമാർ പറഞ്ഞു.
“മഹാരാഷ്‌ട്രയിലെ താനെയിലെ അംബർനാഥ് ഈസ്റ്റ് ജില്ലയിലെ ശിവഗന്ധ നഗർ സ്വദേശിയായ റാവു, കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ നേതാവായിരുന്ന പിതാവിന്റെ സ്വാധീനത്തിൽ ഇടതുപക്ഷ തീവ്രവാദ പ്രത്യയശാസ്ത്രത്തിലേക്ക് ആകർഷിക്കപ്പെട്ടതാണ്. 1983-ൽ ജമ്മു കശ്മീരിൽ ബി.ടെക്കിന് പഠിക്കുമ്പോൾ, അയാൾ കശ്മീരിലെ വിഘടനവാദ പ്രസ്ഥാനത്തെ പിന്തുണച്ചു. അവിടെ നിന്ന് മടങ്ങിയെത്തി തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ (സിപിഐ എംഎൽ) സെൻട്രൽ റീഓർഗനൈസേഷൻ കമ്മിറ്റി (സിആർസി) ഗ്രൂപ്പിലും സിപിഐ എംഎൽ റവൂഫ് ഗ്രൂപ്പിലും പ്രവർത്തിച്ചു. 1999-ൽ കോണത്ത് മുരളീധരൻ എന്ന അജിത്, മുൻ സിസിഎം, സിപിഐ എംഎൽ നക്സൽബാരി ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ ഇയാൾ മഹാരാഷ്‌ട്ര സംസ്ഥാന സിപിഐ എംഎൽ നക്സൽബാരി ഗ്രൂപ്പിന്റെ ചുമതലക്കാരനും മുരളീധരൻ അഖിലേന്ത്യാ സെക്രട്ടറിയുമായിരുന്നു.
നാല് ദിവസം മുമ്പ് ഹൈദരാബാദിൽ എത്തിയ റാവു ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ ഛത്തീസ്ഗഡിലെ മാഡിലേക്ക് പോകുമ്പോൾ, ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ സൈബരാബാദ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.മഹാരാഷ്‌ട്ര, കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ പോലീസും ദേശീയ രഹസ്യാന്വേഷണ ഏജൻസിയും (എൻഐഎ) ഇയാളെ അന്വേഷിക്കുന്നുണ്ട്. ഇയാളെ പിടികൂടിയ വിവരം നൽകുന്നവർക്ക് മഹാരാഷ്‌ട്ര സർക്കാർ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ അറസ്റ്റ് നിരോധിത മാവോയിസ്റ്റ് ഭീകര സംഘടനയ്‌ക്ക് കനത്ത തിരിച്ചടിയാകുമെന്നു പ്രതീക്ഷിക്കുന്നു.
ഇയാളോട് ബന്ധം പുലർത്തിയതിനും നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള നക്സൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് സഹായം ചെയ്തതിനും സഹകരിച്ചതിനുമാണ് മലയാളികൾക്കെതിരെ യൂ എ പി എ ചുമത്തിയതെന്നു അറിയുന്നു.യു.എ.പി.എയുടെ സെക്ഷൻ 18 (ബി), 20 വകുപ്പുകളും തെലങ്കാന പൊതു സുരക്ഷാ നിയമവും ആയുധ നിയമത്തിെൻറ സെക്ഷൻ 25 പ്രകാരവുമാണ് കേസ്.















