തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിന് പിന്നാലെ മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നതായി പരാതി. കോൺഗ്രസ് ഭരിക്കുന്ന കുന്നംകുളം കാട്ടാക്കാമ്പൽ മൾട്ടി പർപ്പസ് സൊസൈറ്റിയിലും അയ്യന്തോൾ സഹകരണ ബാങ്കിലും തട്ടിപ്പ് നടന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതോടെ സഹകരണ ബാങ്കുകളിലെ നിക്ഷേപകരടക്കം ആശങ്കയിലാണ്.
കോൺഗ്രസ് നിയന്ത്രണത്തിലുള്ള കുന്നംകുളം കാട്ടാക്കാമ്പൽ മൾട്ടിപർപ്പസ് ബാങ്കിൽ മുൻ പഞ്ചായത്ത് മെമ്പറും ഭരണ സമിതി സെക്രട്ടറിയുമായ വിആർ സജിത് ആഭരണങ്ങളും പണവും തിരിമറി നടത്തിയതായാണ് പരാതി. അങ്കണവാടി ടീച്ചറിന്റെ ഓണറേറിയം സർട്ടിഫിക്കറ്റിൽ വായ്പയെടുത്ത് വഞ്ചിക്കുകയായിരുന്നു. പരാതിയിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. ബാങ്കിലെ മറ്റ് ജീവനക്കാർക്കും ഇതിൽ പങ്കുണ്ടെന്നാണ് ആരോപണം.
അതേസമയം ഇഡി പരിശോധന നടത്തിയ അയ്യന്തോൾ സഹകരണ ബാങ്കിനെതിരെയും ചിറ്റിലപ്പള്ളി സ്വദേശികളായ ദമ്പതികളുടെ പരാതിയുണ്ട്. ബാങ്ക് അധികൃതരുടെ അറിവോടെ തങ്ങളുടെ പേരിൽ വായ്പയെടുത്ത് ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടാക്കി മലപ്പുറം സ്വദേശിയായ അബൂബക്കർ മുങ്ങിയതായാണ് പരാതി. ബാങ്ക് പരിധിയിൽ ഭൂമിയില്ലാത്ത ഇവരുടെ പേരിൽ വായ്പ നൽകാൻ ചട്ടമില്ലാത്തതിനാൽ വ്യാജ മേൽവിലാസം നൽകിയാണ് വായ്പയെടുത്തത്. സംഭവത്തിൽ അബൂബക്കറിനെ അറിയില്ല എന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. തട്ടിപ്പിൽ ദമ്പതികളായ ശാരദയും കുട്ടികൃഷ്ണനും ഇഡിയ്‌ക്ക് പരാതി നൽകിയിട്ടുണ്ട്.















