ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഏറ്റവും അധികം ആളുകൾ ലൈക് ചെയ്ത ചിത്രമേത്? ജി20യും മറ്റു മാസ് ചിത്രങ്ങളുമല്ല, പ്രജ്ഞാനന്ദയ്‌ക്കും അദേഹത്തിന്റെ കുടുംബത്തിനുമൊപ്പമുള്ള ചിത്രമാണ് അത്. എപ്പോഴും ആവേശം നൽകുന്ന ചിത്രം എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി പങ്കുവെച്ച ചിത്രമാണ് ഇത്. ഇതിനകം തന്നെ 43 ലക്ഷം പേരാണ് ചിത്രത്തിന് റിയാക്ഷനുമായി എത്തിയത്. നരേന്ദ്രമോദിയും ഇന്ത്യയുടെ ചെസ് അത്ഭുതം പ്രജ്ഞാനന്ദയും ഒരു വലിയ ചതുരംഗക്കളത്തിന് ഇരുപുറം ഇരിക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിലും അന്നേ വൈറലായിരുന്നു.
ഫിഡെ ചെസ് ലോകകപ്പിൽ വെള്ളി മെഡൽ സ്വന്തമാക്കിയതിന് പിന്നാലെയാണ് പ്രജ്ഞാനന്ദ പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. അന്ന് എടുത്ത ചിത്രമാണ് ഇത്. പ്രധാനമന്ത്രി തന്നെയാണ് ചിത്രം തന്റെ ഇൻസ്റ്റാ ഹാൻഡിലിൽ പങ്കുവെച്ചത്. പ്രജ്ഞാനന്ദയുടെ മാതാപിതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കുന്ന ചിത്രങ്ങളും മെഡൽ നോക്കിക്കാണുന്ന ചിത്രങ്ങളും ഇതിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ടായിരുന്നു.