റമിതയുടെ കണക്കുകൾ കിറുകൃതം! കണക്ക് നോക്കി ട്രിഗർ വലിച്ചപ്പോൾ സ്വന്തമായത് ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ. ലോക ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ വെങ്കലം നേടിയ മെഹുലി ഘോഷിനെ മറികടന്ന് 230.1 സ്‌കോറോടെയാണ് റമിതയുടെ മെഡൽ നേട്ടം. ചൈനീസ് താരങ്ങൾക്കാണ് ഈ ഇനത്തിൽ സ്വർണവും വെള്ളിയും.
2016ലാണ് റമിത ഷൂട്ടിംഗ് മേഖലയിലേക്ക് കടന്ന് വരുന്നത്. കുരുക്ഷേത്രയിലെ കരൺ ഷൂട്ടിംഗ് റേഞ്ചിൽ പരിശീലനത്തിനായി റമിതയെ എത്തിച്ചത് അച്ഛൻ ജിൻഡാലായിരുന്നു. മത്സരങ്ങളേതായാലും സ്‌കോറുകൾ മനസിൽ കണക്കുകൂട്ടിയാണ് താരം ട്രിഗർ വലിക്കുന്നത്. പരിശീലകരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് സ്‌കോറിനേക്കാൾ ഉപരി ഓരോ ഷോട്ടിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരംഭിച്ചതെന്ന് ദേശീയ മാദ്ധ്യമത്തോട് ജൂനിയർ ലോകചാമ്പ്യൻഷിപ്പിന് ശേഷം റമിത പറഞ്ഞിരുന്നു.
മാതാപിതാക്കളുടെ ആഗ്രഹമാണ് വായനയിൽ നിന്ന് റമിതയെ കായിക മേഖലയിലേക്ക് വഴിതിരിച്ചുവിട്ടത്. കരൺ ഷൂട്ടിംഗ് റെയ്ഞ്ചിലെത്തിയതിന് ശേഷം പരിശീലനങ്ങൾ ഇന്നുവരെ റമിത മുടക്കിയിട്ടില്ലെന്നാണ് പിതാവ് അരവിന്ദ് പറയുന്നത്.
റമിതയുടെ ഏകാഗ്രതയാണ് പരിശീലകൻ ജഗ്ബീർ സിംഗിന്റെ ശ്രദ്ധയാകർഷിക്കാൻ കാരണം. റൈഫിളിലേക്കുള്ള ചുവടുമാറ്റത്തിൽ ധാരാളം വെല്ലുവിളികൾ നിറഞ്ഞിരുന്നെങ്കിലും റമിതയുടെ യാത്ര മുന്നോട്ട് തന്നെയായിരുന്നു. കൈത്തണ്ടയുടെ സ്ഥാനത്തിന്റെ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു റമിതയ്‌ക്ക്. 300 മീറ്റർ റൈഫിൾ വിഭാഗത്തിൽ മത്സരിക്കുമ്പോഴും അനായാസത റമിതയ്‌ക്കുണ്ടായിരുന്നെന്ന് ജഗ്ബീർ ഓർത്തെടുക്കുന്നു.
ഓരോ ഷോട്ടുകളും പ്രധാനപ്പെട്ടതാണെന്ന തന്റെ വാക്കുകളോട് നീതി പുലർത്തുന്ന പ്രകടനമായിരുന്നു താരം ഫൈനലിൽ പുറത്തെടുത്തത്. മത്സരത്തിലെ റമിതയുടെ ഏറ്റവും മോശം ഷോട്ടിന്റെ സ്‌കോർ 10.3 ആണ്. വളരെ വേഗത്തിലുള്ള ഷോട്ടുകളാണ് ഫൈനലിലും രമിതയ്‌ക്ക് മുതൽക്കൂട്ടായത്. ഓരോ മികച്ച സ്‌കോറും ആത്മവിശ്വാസം വർദ്ധിപ്പിച്ചതോടെ മെഡൽ നേട്ടത്തിലേക്ക് റമിതയെത്തുകയായിരുന്നു.