ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിലേക്ക് കേരളവും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 29 മുതൽ നടക്കുന്ന സന്നാഹ മത്സരങ്ങൾക്കായി ടീമുകൾ ഇന്ന് മുതൽ എത്തും. ദുബൈയിൽ നിന്നുളള വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കൻ ടീമാണ് ആദ്യം തലസ്ഥാനത്ത് എത്തുക. അഫ്ഗാനിസ്ഥാൻ ടീം 26നും ഓസ്‌ട്രേലിയ, നെതർലൻഡ്‌സ് ടീമുകൾ 28നും ന്യൂസീലൻഡ് 30നും തിരുവനന്തപുരത്ത് എത്തും. ഒക്ടോബർ ഒന്നിനാണ് ഇന്ത്യൻ ടീം എത്തുക.
ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾ കോവളം ലീല റാവിസ് ഹോട്ടലിലും ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകൾ ഹയാത്ത് റീജൻസിയിലും നെതർലൻഡ്‌സ് താജ് വിവാന്തയിലുമാണ് താമസിക്കുക. 29 ന് ദക്ഷിണാഫ്രിക്ക – അഫ്ഗാനിസ്ഥാൻ, 30ന് ഓസ്‌ട്രേലിയ – നെതർലൻഡ്‌സ്, ഒക്ടോബർ 2 ന് ന്യൂസീലൻഡ് – ദക്ഷിണാഫ്രിക്ക, 3ന് ഇന്ത്യ – നെതർലൻഡ്‌സ് സന്നാഹ മത്സരങ്ങളാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുക.
26 മുതലാണ് ടീമുകൾ മത്സരത്തിനായി ഇറങ്ങുക. ഇന്ത്യൻ ടീമിന്റെ പരിശീലനം ഒക്ടോബർ 2 ന് ഉച്ചയ്‌ക്ക് 2 മുതൽ 5 വരെ സ്‌പോർട്‌സ് ഹബ് സ്റ്റേഡിയത്തിലാണ്. സ്റ്റേഡിയത്തിൽ മത്സരം നടക്കുന്ന ദിവസങ്ങളിൽ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിലാവും മറ്റു ടീമുകളുടെ പരിശീലനം.