കൊച്ചി ; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ.കണ്ണന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫിസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ.
ഇ.ഡി തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചോദ്യം ചെയ്യലിനുശേഷം കണ്ണൻ പ്രതികരിച്ചു. കേസെടുക്കുമെന്നും ജയിലിൽ പോകേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. സെപ്റ്റംബർ 29ന് വീണ്ടും ഹാജരാകും.
‘ ഭീഷണിയും സമ്മര്‍ദവുമൊക്കെയാണ്. ഭീഷണിക്കൊന്നും വഴങ്ങുന്നയാളല്ല ഞാനെന്ന് മറുപടി നൽകി. ഭീഷണിയാണല്ലോ അവരുടെ സമ്മർദം. പക്ഷേ, ഒരുപാട് മര്യാദയോടെ പെരുമാറുന്ന ആളുകളുമുണ്ട്. മാനസികവും ശാരീരികവുമായി പീഡിപ്പിക്കലല്ലേ നടക്കുന്നത്. തല്ലിയിട്ടില്ല. ജയിലിലേക്ക് വിടും, കേസെടുക്കും എന്നൊക്കെയാണ് ഭീഷണി. .’ – ചോദ്യം ചെയ്യലിനു ശേഷം കണ്ണൻ പറഞ്ഞു
സതീഷ്കുമാറുമായി 30 വർഷത്തെ സൗഹൃദമാണുള്ളത്. സാമ്പത്തിക ഇടപാടില്ല . നല്ല സൗഹൃദമാണ്. ചായ കുടിക്കാന്‍ പോകാറുണ്ട്. ഫോണിൽ സംസാരിക്കാറുണ്ട്. ഒരു രൂപ ഞാൻ അയാളിൽനിന്ന് വാങ്ങിയിട്ടില്ല, ഞാൻ അയാൾക്ക് കൊടുക്കാനുമില്ല. ഒരു സാമ്പത്തിക ഇടപാടുമില്ല. വീണ്ടും 29ന് വരാൻ പറഞ്ഞിട്ടുണ്ട്. വരും’’– കണ്ണൻ പറഞ്ഞു.
കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കിലടക്കം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.















