തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജക്കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിഡിയയുടെ അറസ്റ്റാണ് കോടതി തടഞ്ഞത്. കോടതി എക്‌സൈസിന്റെയും ക്രൈംബ്രാഞ്ചിന്റെയും വിശദീകരണം തേടിയിരിക്കുകയാണ്. വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടർ നടപടികൾ.
യുവതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ തുടർന്നാണ് അറസ്റ്റ് തടഞ്ഞത്. കേസിൽ മനപ്പൂർവ്വം പ്രതിയാക്കി തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നുവെന്നും അന്വേഷണ സംഘം കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ലിഡിയയുടെ ജാമ്യാപേക്ഷയിൽ പറയുന്നു. നേരത്തെ രണ്ടു പ്രാവശ്യം അന്വേഷണ സംഘം ലിഡിയയെ ചോദ്യം ചെയ്തിരുന്നു. ഷീലാ സണ്ണിയ്‌ക്കെതിരെയും ലിഡിയ ഗുരുതര ആരോപണമുയർത്തുന്നുണ്ട്. സഹോദരിയിൽ നിന്നും ഷീല പണം ആവശ്യപ്പെട്ടിരുന്നു എന്നാണ് ലിഡിയയുടെ ആരോപണം.
മാരക ലഹരിമരുന്നായ എൽഎസ്ഡി സ്റ്റാംപ് കൈവശം വെച്ചിരുന്നു എന്ന് കാണിച്ചാണ് ഷീല സണ്ണിയെ അറസറ്റ് ചെയ്ത് 72 ദിവസം ജയിലിൽ അടച്ചത്. പിന്നീട് നടത്തിയ രാസപരിശോധനയിൽ ഷീലയുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് എൽഎസ്ഡി സ്റ്റാംപ് അല്ലെന്ന് തെളിഞ്ഞു. അതിനുശേഷമാണ് വ്യാജ സന്ദേശം നൽകിയ വ്യക്തിയെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്.















